പൊള്ളുന്ന ചൂട് ഒരാഴ്ച കൂടി തുടരും; ഇന്ന് ഇതുവരെ എട്ട് പേർക്ക് സൂര്യാതപമേറ്റു, ആറ് പേര്‍ക്ക് സൂര്യാഘാതമേറ്റു

By Web TeamFirst Published Mar 28, 2019, 3:44 PM IST
Highlights

അതികഠിനമായ ചൂട് ഒരാഴ്ച കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് ഇതുവരെ എട്ടുപേര്‍ക്ക് സൂര്യാതപവും ആറ് പേര്‍ക്ക് സൂര്യാഘാതവുമേറ്റു. അതികഠിനമായ ചൂട് ഒരാഴ്ച കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി.

കോഴിക്കോട് മുക്കത്ത് രണ്ടുപേര്‍ക്കും ഊര്‍ങ്ങാട്ടേരിയിലും ഇടുക്കി ഹൈറേഞ്ചിലും തിരുവനന്തപുരത്തും തൃശൂരിലും ഒരോരുത്തര്‍ക്കുമാണ് സൂര്യാതപമേറ്റത്. ജില്ലകളിലെ സ്ഥിതിഗതികള്‍ കലക്ടര്‍മാര്‍ വിലയിരുത്തും. ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളില്‍ താപനില 35 ഡിഗ്രി മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. മേഘാവരണം ഇല്ലാത്തതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ സൂര്യാതപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. 

രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണിവരെയുള്ള സമയത്ത് വെയില്‍ ഏല്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍ , ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച , പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ സമിതികള്‍ തയാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികള്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമുകള്‍ നിരീക്ഷിക്കുന്നുണ്ട്.

click me!