മാലിദ്വീപില്‍ നിന്നെത്തി കൊച്ചിയില്‍ ഹൃദയശസ്‌ത്രക്രിയ വിജയം; ഓണപ്പുടവ അണിഞ്ഞ് കുഞ്ഞ് യൂനാൻ ഹാപ്പിയായി മടങ്ങി

By Web TeamFirst Published Aug 23, 2020, 3:23 PM IST
Highlights

മാലിദ്വീപ് സ്വദേശികളുടെ 8 മാസം പ്രായമായ കുഞ്ഞിന്‍റെ ഗുരുതര ഹൃദ്രോഗം ഭേദമായി. കസവ് പാവാട് സമ്മാനമായി നൽകി ആശുപത്രി അധികൃതർ. 

കൊച്ചി: ഹൃദയശസ്‌ത്രക്രിയക്കായി മാലദ്വീപിൽ നിന്നും കൊച്ചിയിൽ എത്തിയ എട്ട് മാസം പ്രായമായ പെൺകുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായി നാട്ടിലേക്ക് മടങ്ങി. ഓണപ്പുടവ സമ്മാനമായി നൽകിയാണ് ആശുപത്രി അധികൃതർ യൂൻ മുഹമ്മദ് യൂനാനെ യാത്രയാക്കിയത്.

കസവ് കരയുള്ള പാവാട അണിഞ്ഞ് കുഞ്ഞ് യൂനാൻ നിറഞ്ഞ് ചിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ് അണിഞ്ഞ് സെൽഫി എടുത്ത്, കേക്ക് മുറിച്ച് അച്ഛനും അമ്മക്കുമൊപ്പം മിടുക്കിയായി. എന്നാൽ കഴിഞ്ഞ മാസം ഇതായിരുന്നില്ല യൂനാന്‍റെ അവസ്ഥ. മാലദ്വീപ് സ്വദേശികളായ മുഹമ്മദ് യുനാന്റെയും ഫാത്ത്മത്ത് റിഹ്ലയുടെയും മകൾക്ക് അതിസങ്കീർണ്ണമായ രോഗ അവസ്ഥയായിരുന്നു. കുഞ്ഞിന്‍റെ ഹൃദയത്തിലെ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകൾ പരസ്പരം മാറിയ നിലയിലായിരുന്നു. ശ്വാസതടസ്സം. ശരീരത്തിൽ നീലനിറം.

മഹാമാരിയുടെ പശ്ചാത്തലത്തിൽ മാലദ്വീപ് സർക്കാർ കുടുംബത്തിന് തുണയായി. പ്രത്യേക താത്പര്യമെടുത്ത് കുഞ്ഞിന്റെ യാത്രയ്ക്കും ചികിത്സയ്ക്കും വേണ്ട സൗകര്യങ്ങളൊരുക്കി. ചികിത്സാ ചെലവും പൂർണമായി മാലദ്വീപ് സർക്കാർ ഏറ്റെടുത്തു. കൊച്ചി ലിസി ആശുപത്രിയിലാണ് ജൂലൈ 30ന് ചികിത്സക്കായി കുഞ്ഞ് എത്തിയത്. തുടർന്ന് ഈ മാസം 14ന് ഡോ. ജി.എസ്. സുനിലിന്റെ നേതൃത്വത്തിൽ നടത്തിയ എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി. വിദഗ്ധ സംഘത്തിന്‍റെ പരിചരണത്തിൽ യൂനാൻ ആരോഗ്യവതിയായി ജീവിതത്തിലേക്ക്.

കുട്ടിയുടെ അച്ഛൻ മുഹമ്മദ് യുനാൻ മാലദ്വീപിലെ പ്രസിദ്ധനായ അഭിനേതാവും അമ്മ റിഹ്ല ചാനൽ പ്രൊഡ്യൂസറും സംവിധായികയുമാണ്. തിരുവോണമെത്തുമ്പോഴേക്കും നാട്ടിലെത്തിയിരിക്കും. എന്നാൽ മലയാളനാട്ടിലെ ഈ സ്നേഹവും കരുതലും ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞാണ് യൂനാന്‍റെ കുടുംബം കൊച്ചിയോട് യാത്ര പറഞ്ഞത്. 

മയിലിന് ഭക്ഷണം കൊടുക്കുന്ന മോദി; വൈറലായി വീഡിയോ

click me!