വിപ്പ് യുദ്ധം തുടരുന്നു; ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് വിഭാഗം

By Web TeamFirst Published Aug 23, 2020, 2:15 PM IST
Highlights

യുഡിഎഫിന്‍റെ ഭീഷണി തള്ളിയാണ് ജോസ് പക്ഷം, വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്നാവശ്യപ്പെട്ട് ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചത്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ കേരള  കോൺഗ്രസിലെ വിപ്പ് തർക്കവും നാടകവും തുടരന്നു. എൽഎൽഎ ഹോസ്റ്റലിൽ മുറികൾക്ക് മുന്നിൽ വിപ്പ് പതിപ്പിച്ച് ജോസ് - ജോസഫ് വിഭാഗങ്ങളുടെ പുതിയ പോര്. ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ ജോസ് വിഭാഗം നോട്ടീസ് പതിപ്പിച്ചു. ഇതിന് പിന്നാലെ ജോസ് വിഭാഗത്തിന്‍റെ രണ്ട് എംഎൽഎമാരുടെ മുറിക്ക് മുന്നിൽ ജോസഫ് വിഭാഗവും വിപ്പ് ഒട്ടിച്ചു.

സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തെയും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കിൽ നാളെത്തന്നെ കടുത്തനടപടി എടുക്കുമെന്നാണ് ജോസിനുള്ള യുഡിഎഫ് മുന്നറിയിപ്പ്. ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോൻസ് ജോസഫുമാണ് വിപ്പ് പുറപ്പെടുവിച്ചത്. 

യുഡിഎഫിന്‍റെ ഭീഷണി തള്ളിയ ജോസ് പക്ഷം വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്നാവശ്യപ്പെട്ട് ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചു. ഇതിന് മറുപടിയായാണ് ജോസഫ് പക്ഷം ജോസ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിലും നോട്ടീസ് ഒട്ടിച്ചത്.

വിപ്പ് ആയുധമാക്കി ജോസിനെ കുരുക്കാനാണ് കോൺഗ്രസിന്‍റെയും ജോസഫിന്‍റെയും നീക്കം. അവിശ്വാസപ്രമേയത്തെ അനുകൂലിക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനും യുഡിഎഫും ജോസഫും ജോസ് പക്ഷത്തെ രണ്ട് എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. വിപ്പ് അനുസരിക്കുക എന്നത് ജോസിനുള്ള അവസാന അവസരമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്. 

വിപ്പ് ലംഘിച്ചാൽ റോഷി അഗസ്റ്റിനെയും പ്രൊ.ജയരാജിനെയും അയോഗ്യരാക്കാൻ നാളെത്തന്നെ സ്പീക്കറെ സമീപിക്കുമെന്നാണ് ജോസഫിന്‍റെ ഭീഷണി എന്നാൽ ജോസ് വഴങ്ങാനില്ല. അയോഗ്യതാ ഭീഷണി തിരിച്ചുയർത്തിക്കൊണ്ടാണ് എംഎൽഎ ഹോസ്റ്റലിൽ ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കാനാവശ്യപ്പെട്ട് വിപ്പ് പതിപ്പിച്ചത്.

യുഡിഎഫ് വീണ്ടും കടുത്ത നടപടി എടുത്താൽ ജോസിന് തുടർ രാഷ്ട്രീയനിലപാട് എടുക്കാൻ ഇന് തടസ്സമുണ്ടാകില്ല. ഇതിനകം ജോസിന്‍റെ സ്വതന്ത്രനിലപാടിനെ സിപിഎം നേതാക്കൾ സ്വാഗതം ചെയ്തു കഴിഞ്ഞു. ജോസഫ് ജോസ് പക്ഷങ്ങളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  മുന്നിൽ ഉള്ളതിനാൽ അയോഗ്യതയിൽ സ്പീക്കർ ഉടൻ തീരുമാനമെടുക്കാനിടയില്ല. പക്ഷെ ജോസും യുഡിഎഫും തമ്മിലെ ബന്ധത്തിൽ നാളെ രണ്ടിലൊന്ന് അറിയാം. അവിശ്വാസപ്രമേയം സർക്കാരിനെതിരെയാണെങ്കിലും കലങ്ങിമറയുന്നത് യുഡിഎഫ് ആണ്.


 

click me!