
കൊച്ചി: കോൺഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി. കോൺഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് രമ്യ ഷിയാസിനെതിരെയാണ് പരാതി ഉയർന്നത്. വസ്ത്ര വ്യാപാര ബിസിനസിൽ ഉൾപ്പെടുത്താം എന്ന പേരിൽ പലരിൽ നിന്നായി ഇവർ 80 ലക്ഷം തട്ടിയതായാണ് ആക്ഷേപം. പ്രമുഖ വസ്ത്ര വ്യാപാരശാലയുടെ പേരും തട്ടിപ്പിനായി ഇവർ ഉപയോഗിച്ചിരുന്നു.
കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരിൽ വീട്ടമ്മമാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി. രമ്യ ഷിയാസിനെതിരെ 40ലേറെ പേരാണ് പരാതിയുമായി രംഗത്ത് വന്നത്. അതേസമയം, ചേരാനെല്ലൂർ പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നതായും പരാതിക്കാർ ആരോപിച്ചു. സംഭവത്തിൽ എറണാകുളം ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വീട്ടമ്മമാരടക്കമുള്ളവർ ഇന്ന് പ്രതിഷേധം നടത്തി. കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശത്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയ്ക്കെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിലായിരുന്നു പ്രതിഷേധം. ഒടുവിൽ പരാതിക്കാർ കൂട്ടതോടെ സ്റ്റേഷനിലെത്തിയതോടെ പൊലീസിന് മൊഴി എടുക്കേണ്ടിവന്നു. കോയമ്പത്തൂരിലുള്ള തന്‍റെ തുണിക്കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം തിരിച്ച് നൽകാമെന്ന് ധരിപ്പിച്ചാണ് തമ്മനം സ്വദേശിയായ രമ്യ ഷിയാസ് നാട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്തതെന്നാണ് പരാതി.
സ്വർണ്ണാഭരണങ്ങൾ വിറ്റും, കുടുംബശ്രീ ലോൺ എടുത്തുമാണ് പലരും രമ്യയ്ക്ക് പണം നൽകിയത്. ആദ്യ മാസങ്ങളിൽ ചിലർക്ക് നേരിയ ലാഭവും നൽകി. ഇതോടെ വിശ്വാസം കൂടുകയും തട്ടിപ്പ് വളരുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസമായി പണം ഒന്നും ലഭിക്കുന്നില്ല. പണം നിക്ഷേപിച്ചവരാകട്ടെ പലരും തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കൂലിപ്പണിക്കാരുമാണ്. തട്ടിപ്പിനെക്കുറിച്ച് സോഷ്യൽ മീഡിയവഴി പ്രചാരണം നടത്തിയ പ്രവീൺ എന്നയാലെ രമ്യയും ഭർത്താവും വീട് കയറി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാല് കേസുകൾ റജിസ്റ്റർ ചെയ്തെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പരാതിയെക്കുറിച്ച് പ്രതികരിക്കാൻ രമ്യ ഷിയാസ് തയ്യാറായിട്ടില്ല.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam