
കൊല്ലം:പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ (Nurse) കുറവ് നികത്താൻ മറ്റ് മെഡിക്കൽ കോളേജുകളിലെ നഴ്സുമാരെ താൽക്കാലികമായി പാരിപ്പള്ളിയിലേക്ക് മാറ്റുന്നതായി പരാതി. മെഡിക്കൽ കൗണ്സില് പരിശോധനയുടെ മുന്നോടിയായാണ് ആരോഗ്യവകുപ്പിന്റെ ഈ 'വർക്കിങ് അറേഞ്ചുമെന്റ്'. നിലവിൽ 80 നഴ്‌സുമാരെയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് തൽക്കാലികമായി സ്ഥലം മാറ്റിയത്. ആലപ്പുഴ, തിരുവനന്തപുരം, കോന്നി മെഡിക്കൽ കോളേജുകളിൽ നിന്നും എസ്.എ.ടി ആശുപത്രിയിൽ നിന്നുമാണ് ജീവനക്കാരെ പാരിപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയത്. എന്നാൽ പരിശോധന വരുമ്പോൾ തലയെണ്ണം ഒപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് നഴ്‌സിംഗ് സംഘടനകൾ. താൽക്കാലികമായ ഈ സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സുമാരും അറിയിച്ചു.
കാരുണ്യയില്‍ ആനുകൂല്യത്തിന് പുതിയ നിബന്ധന: രോഗി നേരിട്ട് ആശുപത്രിയിലെത്തി വിരലടയാളം പതിപ്പിക്കണം
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (karunya insurance) ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്ട്രെച്ചറിലും ചക്ര കസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ. ഇൻഷുറൻസിന്‍റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് പരിഷ്ക്കാരം എന്നാണ് അധികൃതരുടെ ന്യായീകരണം. ആലപ്പുഴ മെഡിക്കൽ കോളേജില്‍ ഗുരുതരനിലയില്‍ കഴിയുന്ന അച്ഛന് കൂട്ടിരിക്കാനെത്തിയതാണ് വിപിന്‍. അപ്പോഴാണ് അടിയന്തര സ്കാനിംഗ് നിർദ്ദേശിച്ചത്. കാരുണ്യ പദ്ധതി ഇൻഷുറൻസ് കിട്ടണമെങ്കിൽ അച്ഛനെയും കൊണ്ട് 100 മീറ്റർ അകലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണം. നിവൃത്തിയില്ലാതെ ഒഴിവാക്കി. രണ്ട് മണിക്കൂറിന് ശേഷം അഛൻ എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികൾ നേരിടുന ഒരു ദുരന്തമാണിത്. നേരത്തെ രോഗിയുടെ ബന്ധുക്കൾ കൗണ്ടറിലെത്തി ഹെൽത്ത് കാർഡ് പതിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാർ കാർഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന ഭേദഗതി കൊണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗി ഇൻഷുറൻസിനായി ഹെൽത്ത് കാർഡ് പതിപ്പിക്കണം എന്നാണ് ചട്ടം. വളരെ അകലെയുള്ള വാർഡുകളിൽ നിന് രോഗികളെയും കൊണ്ടുവന്ന് കൗണ്ടറിൽ എങ്ങനെ ക്യൂ നിൽക്കുമെന്നാണ് ചോദ്യം. തീരെ അവശനിലയിലുള്ള രോഗികൾ, ആശുപതി സൂപ്രണ്ടിന്‍റെ സത്യവാങ്മൂലം എഴുതി വാങ്ങിയാൽ മതിയെന്ന് അധികൃതർ പറയുന്നുണ്ട്. പക്ഷെ മെഡിക്കൽ കോളേജ് പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഇതെത്രമാത്രം പ്രായോഗികമെന്നും ചോദ്യം ഉയരുന്നു.