
കൊച്ചി: കേരളത്തിലെ ജൂനിയർ ഡോക്ടർമാരുടെ തൊഴിലില്ലായ്മയിലും കുറഞ്ഞ ശമ്പളത്തിലും ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . കൊച്ചിയിൽ ചേർന്ന ഐ.എം.എ. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ലോകത്തിലെ ഏറ്റവും കഠിനമായ കോഴ്സുകളിലൊന്ന് പൂർത്തിയാക്കി ഇറങ്ങുന്ന എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 80,000 രൂപയെങ്കിലും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ മിനിമം വേതനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ സംസ്ഥാന സമിതി നിശ്ചയിച്ച കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു. നാലായിരത്തോളം ഡോക്ടർമാർ പങ്കെടുത്ത പഠനത്തിൽ അതീവ ആശങ്കയുണർത്തുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംസ്ഥാനത്തെ 82 ശതമാനം ഡോക്ടർമാർക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. പ്രതിമാസം 30,000 രൂപയ്ക്ക് താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി ഡോക്ടർമാർ കേരളത്തിലുണ്ട്. കുറഞ്ഞ ശമ്പളവും തൊഴിലില്ലായ്മയും കാരണം 70 ശതമാനം ഡോക്ടർമാരും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ജോലി തേടി പോകാൻ ആഗ്രഹിക്കുന്നു.
ജൂനിയർ ഡോക്ടർമാരിൽ 81 ശതമാനം പേരും നിർബന്ധിത ബോണ്ട് സർവീസിൽ പെട്ടവരാണ്. വിദേശത്ത് നിന്ന് പഠനം പൂർത്തിയാക്കി കേരളത്തിലെത്തിയ ഡോക്ടർമാരുടെ അവസ്ഥ അതീവ ദയനീയമാണ്. ഇവർക്ക് സ്റ്റൈപൻഡ് പോലും ലഭിക്കുന്നില്ല. ഇന്റേൺഷിപ്പ് കഴിഞ്ഞാൽ പോലും ഇവരെ രണ്ടാം തട്ടുകാരായി കണ്ട് വിവേചനത്തോടെയാണ് ശമ്പളം നൽകുന്നത്. സ്പെഷ്യലിസ്റ്റുകൾക്കും സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും പോലും കേരളത്തിൽ ന്യായമായ ശമ്പളം ലഭിക്കുന്നില്ലെന്നും ശമ്പളവും സ്റ്റൈപൻഡും കൃത്യസമയത്ത് വിതരണം ചെയ്യുന്നില്ലെന്നും ഐ എം എ. കുറ്റപ്പെടുത്തി. അധിക ജോലിക്ക് കൂടുതൽ ശമ്പളം നൽകുക, കൃത്യസമയത്ത് വേതനം ലഭ്യമാക്കുക, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങൾ.
റസിഡന്റുമാരുടെ സ്റ്റൈപൻഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. മിനിമം ശമ്പളം 80,000 രൂപയാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഉടൻ ചർച്ച നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam