
തിരുവനന്തപുരം : മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര്‍ വീട്ടില്‍ വോട്ടു ചെയ്തു. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും.
പോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്‌സുകളില്‍ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ രഹസ്യ സ്വഭാവം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിവരുന്നത്.
വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ വിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിനു വേണ്ടി എന്‍.ഐ.സി തയ്യാറാക്കിയിട്ടുള്ള അവകാശം പോര്‍ട്ടലിലൂടെ അപ്പപ്പോള്‍ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയും. സംസ്ഥാനത്താകമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുന്നതിന് കൃത്യതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ വോട്ടറായ 111 വയസ്സുള്ള സി. കുപ്പച്ചിയമ്മ വീട്ടില്‍ വോട്ടു രേഖപ്പെടുത്തിയത് ഏറെ കൗതുകമായി. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നേരിട്ട് വീട്ടിലെത്തി ഇവരെ അഭിനന്ദിക്കുകയുണ്ടായി.
കിടപ്പുരോഗിയായ ശിവലിംഗം എന്ന ഒരാള്‍ക്ക് വോട്ട് ചെയ്യുന്നതിന് മാത്രമായി 18 കിലോമീറ്റര്‍ വനമേഖലയിലൂടെ ഉദ്യോഗസ്ഥര്‍ കാല്‍നടയായി യാത്ര ചെയ്തത് സജീവമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദാഹരണമാണ്. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നൂറനടിയിലാണ് ഉദ്യോഗസ്ഥര്‍ പ്രതിബന്ധങ്ങള്‍ താണ്ടി എത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് വീട്ടില്‍ വോട്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam