
പത്തനംതിട്ട:നവദമ്പതികളുടെ ജീവൻ പൊലിഞ്ഞ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത സ്ഥിരം അപകടമേഖല. ഉന്നതനിലവാരത്തിലേക്ക് മാറിയ
റോഡിൽ നാലു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടന്നത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മുറിഞ്ഞകല്ലിൽ
ഇന്നലെയുണ്ടായ അപകടത്തിൽ നവദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഉന്നതനിലവാരത്തിലേക്ക് റോഡ് മാറിയ ശേഷം
കലഞ്ഞൂർ മുതൽ കോന്നി വരെയുള്ള ഭാഗത്ത് മാത്രം നാല് മാസത്തിനിടെ ഒൻപത് പേർ അപകടത്തിൽ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നാണ് നാട്ടുകാർ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്.
കലഞ്ഞൂര്‍ മുതൽ കോന്നി വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തിലാണ് കഴിഞ്ഞ നാലു മാസത്തിനിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞത്. മുറിഞ്ഞകല്ലിൽ അഞ്ച് പേരും ഇഞ്ചപ്പാറ ഗാന്ധി ജംഗ്ഷനിൽ രണ്ട് പേരും കൂടൽ ജംഗ്ഷനിൽ ഒരാളുമാണ് മരിച്ചത്. ചെറുതും വലുതമായ അപകടങ്ങളിൽ 30 പേര്‍ക്കാണ് പരിക്കേറ്റത്. സംസ്ഥാനപാത കോടികൾ ചെലവിട്ട് പുനർനിർമ്മിച്ചപ്പോൾ അപകട വളവുകൾ കൃത്യമായി ഒഴിവാക്കിയില്ല. പല ഭൂഉടമകളെയും വഴിവിട്ട് സഹായിച്ചു. അങ്ങനെയാണ് റോഡിന് വീതി കുറഞ്ഞ് അപകടക്കെണിയായെന്ന് നാട്ടുകാർ പറയുന്നു.
കലഞ്ഞൂർ - കോന്നി ഭാഗം മാത്രമല്ല, കുമ്പഴ മല്ലശ്ശേരിമുക്കിലും മൈലപ്രയിലും ദിവസേന അപകടങ്ങളാണ്. ശബരിമല സീസണിൽ ഇത് ഇരട്ടിയായി. രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഉറങ്ങിപ്പോയ അപകടങ്ങളാണ് ഏറെയും. അതിനാൽ വേഗനിയന്ത്രണസംവിധാനങ്ങൾ അടക്കം അടിയന്തരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യം. റോഡ് സുരക്ഷ യോഗം അടക്കം വിളിക്കുമ്പോൾ ജില്ലാ ഭരണകൂടം ഇത്തരം ഗൗരമേറിയ വിഷയങ്ങൾ കൂടി ചർച്ചയാക്കണമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam