
സന്നിധാനം: സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ്ബാന്റ്. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടക്കുകയായിരുന്നു മാളികപ്പുറം. സിവിൽ പൊലീസ് ഓഫീസറായ അക്ഷയും തൃശൂർ ട്രാഫിക് എൻഫോഴ്സ് മെന്റ് യൂണിറ്റിലെ സി പി ഓ ശ്രീജിത്തുമാണ് കുട്ടിയെ കണ്ടത്.
കുട്ടിയുടെ കരച്ചിൽ കണ്ട് വിവരം തിരഞ്ഞ ഇവർ റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ പെട്ടെന്നു തന്നെ ബന്ധപ്പെട്ടു. തുടർന്ന് അച്ഛൻ വിഘ്നേഷ് എത്തിയതോടെ ശിവാർഥികയുടെ കരച്ചിൽ ആശ്വാസ ചിരിയിലേക്കെത്തി. പൊലീസ് അങ്കിൾമാർക്ക് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലയിറങ്ങിയത്. ഇത്തരത്തിൽ നിരവധി കുട്ടികൾക്കാണ് പൊലീസിന്രെ പുതിയ സംവിധാനം ആശ്വാസമാകുന്നത്.
10 വയസിൽ താഴെയുള്ള 5000 ലധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്. പമ്പയിൽ നിന്നും വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam