
ദില്ലി : സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കമ്പനി നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല. ആര്‍ബിട്രേഷൻ നടപടികളുമായി പോയാൽ ഭൂമി ഉപയോഗിക്കാൻ കഴിയാതെ കിടക്കും. ടീക്കോമിൽ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ല. ബാജു ജോർജ്ജ് കരാറിൽ ഒപ്പിട്ടില്ല. വിഷയം അറിയാവുന്ന ഒരാൾ എന്ന നിലയിൽ ഉൾപ്പെടുത്തിയതാണെന്നും പി.രാജീവ് പറഞ്ഞു.
നിയമോപദേശമനുസരിച്ചാണ് സർക്കാർ നീങ്ങുന്നത്. സംസ്ഥാന താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുക. കരാറിന് അകത്ത് നിന്ന് കൊണ്ട് തന്നെ സാമ്പത്തിക നഷ്ടം വരാതെ മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിക്കുന്നത്. വേഗത്തിൽ ഭൂമി കൈമാറ്റം നടക്കാനാണ് ഇത്തരമൊരു നീക്കം. സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ല. മറ്റു നിയമ സങ്കീർണത ഒഴിവാക്കാനാണ് ഇത്തരം ഒരു വഴി സ്വീകരിക്കുന്നതെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.
അതേ സമയം, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഒഴിവാക്കാൻ തീരുമാനിച്ചത് നിയമോപദേശത്തിൻറ അടിസ്ഥാനത്തിലെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. യുഎഇ മായുള്ള നല്ല ബന്ധം നിലനിർത്താനാണ് കരാർ വ്യവസ്ഥ ലംഘിച്ചിട്ടും ആർബിട്രേഷൻ നടപടിയിലേക്ക് പോകാത്തതെന്ന വാദവും വ്യവസായ വകുപ്പ് നിരത്തുന്നു.
ടീകോം കരാർ ലംഘിച്ചാൽ ചെയ്യേണ്ടെ കാര്യങ്ങളെ കുറിച്ചുള്ള വ്യവസ്ഥയിലെ ചില ഭാഗം കമ്പനിക്ക് അനുകൂലമായി വ്യാഖ്യാനിച്ചാണ് സർക്കാർ തീരുമാനം. നിയമവകുപ്പിൻറെയും എജിയുടേയും നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് ടീകോം മുടക്കിയ പാട്ടത്തുകയും നിക്ഷേപവും കണ്ടെത്തി തിരിച്ചുനൽകാൻ തീരുമാനിച്ചതെന്നാണ് വ്യവസായവകുപ്പ് വിശദീകരണം. യുഎഇ സർക്കാറിന് പങ്കാളിത്തമുള്ള ടീകോമിനെ പിണക്കി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം വരുന്നത് ഒഴിവാക്കലും ലക്ഷ്യമെന്നും വാദമുണ്ട്. പക്ഷെ അപ്പോഴും വർഷങ്ങളായി സംസ്ഥാനത്തിൻറെ ഭൂമി കയ്യിൽവെച്ച് കരാർ വ്യവസ്ഥ ലംഘിച്ച സ്ഥാപനത്തോട് ഇത്ര മൃദുസമീപനം എന്തിനെന്ന ചോദ്യം ബാക്കിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam