പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും

Published : Jun 25, 2025, 11:06 AM ISTUpdated : Jun 25, 2025, 01:36 PM IST
Popular front

Synopsis

ഒരു മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെ 950 പേരുടെ പട്ടികയുണ്ടെന്നാണ് എൻഐഎ വാദം

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് കേരളത്തിലെ ഒരു ജില്ലാ ജഡ്ജി ഉൾപ്പെടെ വധിക്കാനുള്ള 950 പേരുടെ ഹിറ്റ്ലിസ്റ്റ് കിട്ടിയെന്ന് എൻഐഎ. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രണ്ടു വിങ്ങുകളായി തിരിഞ്ഞു തയ്യാറാക്കിയ പട്ടിക കിട്ടിയത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായ പെരിയാർ വാലിയിൽ നിന്നാണെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു

2022 ഡിസംബറിൽ ആണ് പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. പിന്നീടത് പിഎഫ് ഐ നിരോധിത കേസുമായി കൂട്ടിച്ചേർത്ത് അന്വേഷണം തുടരുകയായിരുന്നു. അതിനിടെ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അൻസാർ കെ പി, സഹീർ കെ വി എന്നിവരാണ് എൻഐഎ കോടതിയെ സമീപിച്ചത്. ഈ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് എൻഐഎയുടെ ഗുരുതര പരാമർശങ്ങൾ.

പോപ്പുലർ ഫ്രണ്ടിന് റിപ്പോർട്ടിംഗ്, സർവീസ് വിങ് എന്നിങ്ങനെ രണ്ട് സംഘങ്ങളുണ്ട്. ഇതിൽ മറ്റ് സമുദായങ്ങളിൽ നിന്നടക്കം കൊല്ലാൻ ഉള്ളവരെ കണ്ടെത്തി പട്ടിക തയ്യാറാക്കലാണ് റിപ്പോർട്ടിംഗ് വിങ്ങിന്റെ ചുമതല, ഈ പട്ടിക സർവീസ് വിങ് അല്ലെങ്കിൽ ഹിറ്റ് എന്ന സംഘത്തിന് കൈമാറും. ആയുധ പരിശീലനം ലഭിച്ച കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഇവരാണ് പിന്നീട് ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നത്.

സർവീസ് വിങ്ങിലെ പ്രധാനിയാണ് ശ്രീനിവാസൻ വധക്കേസിലെ 51-ാം പ്രതിയായ പാലക്കാട് പിരായിരി സ്വദേശി റിയാസുദീൻ. റിയാസിന്റെ പക്കൽ നിന്ന് 240 പേരുടെ ഹിറ്റ്ലിസ്റ്റ് ആണ് എൻ.ഐ.എ പിടിച്ചെടുത്തത്. അടച്ചുപൂട്ടിയ പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്ന ആലുവ പെരിയാർ വാലിയിൽ നിന്ന് അഞ്ച് പേരുടെ ഹിറ്റ്ലിസ്റ്റ് കിട്ടി. ഇതിലായിരുന്നു മുൻ ജില്ലാ ജഡ്ജിയുടെ പേരും ഉണ്ടായിരുന്നത്.

ശ്രീനിവാസൻ വധക്കേസിലെ പതിനഞ്ചാം പ്രതി അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്നാണ് ഈ ലിസ്റ്റ് കിട്ടിയത്. കേസിലെ പ്രതിയായ ടി.എ അയ്യൂബിന്റെ പക്കൽ നിന്ന് 500 പേരുടെ പട്ടികയും മാപ്പു സാക്ഷിയായ മറ്റൊരു പ്രതിയിൽ നിന്ന് 232 പേരുടെ ഹിറ്റ്ലിസ്റ്റും പിടിച്ചെടുത്തു. ഇന്ത്യ 2047 എന്ന പേരിൽ ഒരു പുസ്തകവും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എൻഐഎ സത്യവാങ്മൂലത്തിൽ അറിയിച്ചു. തുടർന്ന് നാല് പ്രതികളുടെയും ജാമ്യാപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി തള്ളിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം