ഗവര്‍ണറുമായി തുറന്ന പോരിന് സിപിഎം: സര്‍വകലാശാലകളിലെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ

Published : Aug 22, 2022, 10:42 PM IST
ഗവര്‍ണറുമായി തുറന്ന പോരിന് സിപിഎം: സര്‍വകലാശാലകളിലെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ

Synopsis

ഗവർണ്ണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവെച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു.

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കും. ഗവർണർ കടുപ്പിക്കുമ്പോഴാണ് ചാൻസലറുടെ അധികാരം തന്നെ കവർന്ന് പിന്നോട്ടില്ലെന്ന് സർക്കാറും വ്യക്തമാക്കുന്നത്. അതേസമയം സർക്കാർ,ഗവർണർ പോരിൽ കക്ഷിചേരാനില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണ്ണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവെച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഗവർണ്ണറോട് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് സർക്കാർ. ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. 

പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്. 

പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലിൽ ഗവർണ്ണർ ഒപ്പിടില്ലെന്നുറപ്പ്. സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണ്ണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. വലിയ പോരിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നത്. സർക്കാർ ഗവർണ്ണർ പോര് പരിധിവിടുമ്പോൾ പ്രതിപക്ഷം തന്ത്രപരമായ നിലപാടിലാണ്. ബന്ധുനിയമനങ്ങളെ എതിർക്കുമ്പോഴും ഗവർണ്ണർക്ക് പൂർണ്ണ പിന്തുണ നൽകാൻ പ്രതിപക്ഷ നേതാവ് തയ്യാറല്ല. കണ്ണൂര്‍ വിസിക്കെതിരായ ഗവര്‍ണറുടെ ക്രിമിനൽ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. 

ഗവർണ്ണർ ഏത് സമയവും സർക്കാറുമായി ഒത്ത് തീർപ്പിന് തയ്യാറാകുമെന്നാണ് പ്രതിപക്ഷവിമർശനം. മാത്രമല്ല കേന്ദ്രവും ഗവർണ്ണറും പ്രതിപക്ഷവും ചേർന്ന് സംസ്ഥാന സർക്കാറിനെ അട്ടിമറിക്കുന്നുവെന്ന സിപിഎം പ്രചാരണം ചെറുക്കൽ കൂടിയാണ് ലക്ഷ്യം. പോര് സഭയിലേക്ക് നീങ്ങുമ്പോൾ ഗവർണ്ണർ മറ്റന്നാൾ ദില്ലിയിൽ നിന്നും കേരളത്തിലെത്തും. കണ്ണൂർ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്ഭവൻ ഉടൻ കടക്കും. 

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍