
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്ര. ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് നഗര വീഥികളിലേക്കെത്തിയത്.
രണ്ട് വർഷത്തെ അടച്ചു പൂട്ടലിന് ശേഷമുള്ള ഓണാഘോഷങ്ങൾക്ക് ആവേശകരമായ കൊടിയിറക്കം. മാനവീയം വീഥിയിൽ മുഖ്യമന്ത്രി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിനിരുവശവും ഉച്ച മുതൽ അണിനിരന്ന ജനക്കൂട്ടങ്ങൾക്കിടയിലേക്ക് മിന്നുന്ന കലാരൂപങ്ങൾ ഒന്നൊന്നായി മുന്നേറി. പൊലീസിൻറെ ബാൻഡ് സംഘം മുന്നിൽ, പിന്നാലെ കുതിര പൊലീസ്... മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരങ്ങളുമായി വിവിധ സംഘങ്ങൾ... തെയ്യം, തിറ, പടയണി, കോൽക്കളി, പൊയ്ക്കാൽ കുതിര, ഒപ്പന, തുടങ്ങിയ പാരമ്പര്യകലാരൂപങ്ങൾ... കശ്മീർ മുതൽ തമിഴ‍്‍നാട് വരെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കലാകാരന്മാർ... ഒപ്പം സർക്കാറിന്റെ വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങൾ, കെഎസ്ആർടിസി ഡബിൾ ഡക്കറിലേറി മാവേലി.... ആകെ 148 നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളുമാണ് ആവേശം വിതറി കടന്നു പോയത്.
യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വിവിഐപി പവലിയനിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവർ ഘോഷയാത്ര കാണാനെത്തി. തമിഴ‍്‍നാട് ഐടി മന്ത്രി ടി.മനോതങ്കരാജ് അതിഥിയായി. വൈകീട്ട് അഞ്ചിന് തുടങ്ങിയ ഘോഷയാത്രയുടെ അവസാന ഭാഗം കിഴക്കേകോട്ടയിൽ സമീപിച്ചത് രാത്രി വൈകി മാത്രം. അങ്ങിനെ ഒരാഴ്ച നീണ്ട ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. ഘോഷയാത്ര കാണാനും ആസ്വദിക്കാനും തിരക്ക് കുറയ്ക്കാനുമായി തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും 2 മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചിരുന്നു. മഹാരോഗത്തിന്റെ ഭീതി ഒഴിഞ്ഞ് ജനം മനം തുറന്ന് ആഘോഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു ഈ ഓണക്കാലം. ഇനി കാത്തിരിക്കാം... അടുത്ത ഓണക്കാലത്തിനായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam