
കണ്ണൂർ: കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മോഹൻലാലിന്‍റെ പേരിൽ വ്യാജ കുറിപ്പ് പ്രസിദ്ധീകരിച്ചതിൽ, സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ നടപടി. കണ്ണൂർ യൂണിറ്റിലെ ന്യൂസ് എഡിറ്റർ എവി അനിൽകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നടന്‍റെ അനുമതിയില്ലാതെ അദ്ദേഹത്തിന്‍റെ പേരിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ, മോഹൻലാലിന്‍റെ അമ്മ ജീവിച്ചിരിപ്പില്ലെന്ന പരാമർശവുമുണ്ടായിരുന്നു.
'അമ്മ പൊന്നമ്മ... ' കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി നേർന്ന് നടൻ മോഹൻലാലെഴുതിയ വൈകാരിക കുറിപ്പാണ് ശനിയാഴ്ച ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. എന്നാൽ ലാലെഴുതിയതല്ലെന്ന് ഉറപ്പിക്കുന്ന ഗുരുതര പിഴവുകളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. രണ്ട് പ്രിയപ്പെട്ട അമ്മമാരിൽ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി, സിനിമയിലെ അമ്മയും വിടപറഞ്ഞിരിക്കുന്നു, എന്ന വരിയായിരുന്നു വലിയ തെറ്റ്. മോഹൻലാലിന്‍റെ സ്വന്തം അമ്മയെ പരേതയാക്കിയ ദേശാഭിമാനി ലേഖനത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം നിറഞ്ഞു. ഇതോടെ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു.
എവിടെയാണ് പിഴവെന്നോ എന്താണ് പിഴവെന്നോ പറയാതെ, അഞ്ചാം പേജിലെ വലതുമൂലയിൽ ഇന്നലെ പത്രാധിപരുടെ ഖേദപ്രകടനം പ്രസിദ്ധീകരിച്ചു. ഗുരുതര പിശകുളള അനുസ്മരണ കുറിപ്പിന് പിന്നിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത് കണ്ണൂർ യൂണിറ്റിലെ ന്യൂസ് എഡിറ്റർ അനിൽ കുമാറിനെയാണ്. സ്വന്തമായി എഴുതിയ ലേഖനം മോഹൻലാലിന്‍റെ പേരിൽ, നടന്‍റെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു, അതിലാകട്ടെ സാരമായ തെറ്റും വന്നു. ഇല്ലാക്കഥകൾ പറയുന്നുവെന്ന് മാധ്യമങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുന്നതിനിടെ, മോഹൻലാലിന്‍റെ പേരിലെ വ്യാജലേഖനം പാർട്ടി മുഖപത്രത്തിന് ചീത്തപ്പേരായി. സത്യം സാമൂഹിക മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോഴാണ് നടപടിയുണ്ടായത്. ഇഎംഎസിന്‍റെ ജീവചരിത്രമുൾപ്പെടെ എഴുതിയ ന്യൂസ് എഡിറ്ററെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ന്യൂസ് എഡിറ്റർക്കെതിരെ പാർട്ടി തലത്തിലും നടപടി വന്നേക്കും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam