സുരേന്ദ്രന്‍ രാജിവെക്കണമെന്ന് ഒരു വിഭാഗം;'പാര്‍ട്ടിയില്‍ അഴിച്ചുപണി', അച്ചടക്കം ഉറപ്പാക്കുമെന്ന് സുരേന്ദ്രന്‍

By Web TeamFirst Published Jul 6, 2021, 8:00 PM IST
Highlights

പുനസംഘടനയില്ലാതെ മുന്നോട്ട് പോയാൽ കേരളത്തിൽ ഭാവിയുണ്ടാകില്ലെന്ന് സുരേന്ദ്ര വിരുദ്ധ പക്ഷം. പാർട്ടിയെ അടിത്തട്ടുമുതൽ അഴിച്ച് പണിയുമെന്നും അച്ചടക്കം ഉറപ്പാക്കുമെന്നും സുരേന്ദ്രൻ.

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ കെ സുരേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ. പ്രവർത്തകർക്ക് നേതൃത്വത്തിൽ വിശ്വാസം നഷ്ടമായെന്നും കനത്ത പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും സുരേന്ദ്രൻ വിരുദ്ധ പക്ഷം ആവശ്യപ്പെട്ടു. ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കളാണ് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. 

കേരളത്തിൽ വളർന്നു കൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ച അവസ്ഥയാണിപ്പോൾ. നേതൃമാറ്റം അനിവാര്യമാണ്. കുഴൽപ്പണ കോഴക്കേസുകളടക്കം വിവാദങ്ങളെ പ്രതിരോധിക്കാൻ ബിജെപി സംഘടിപ്പിച്ച പരിപാടികളിൽ ആള് കുറഞ്ഞത് നേതൃത്വത്തോട് പ്രവർത്തകർക്കുള്ള രോഷം കൊണ്ടാണ്. പുനസംഘടനയില്ലാതെ മുന്നോട്ട് പോയാൽ കേരളത്തിൽ ഭാവിയുണ്ടാകില്ലെന്നും സുരേന്ദ്ര വിരുദ്ധ പക്ഷം യോഗത്തിൽ പറഞ്ഞു. ശോഭ സുരേന്ദ്രനും, പി കെ കൃഷ്ണദാസും സുരേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടില്ലെങ്കിലും ഇവരെ അനുകൂലിക്കുന്നവരാണ് ആവശ്യമുന്നയിച്ചത്. 

അതേസമയം പാർട്ടിയെ അടിത്തട്ടുമുതൽ അഴിച്ച് പണിയുമെന്നും അച്ചടക്കം ഉറപ്പാക്കുമെന്നും  സുരേന്ദ്രൻ കാസർകോട്ടെ യോഗത്തിന് ശേഷം പറഞ്ഞു. പാർട്ടിയെ താഴെത്തട്ട് മുതൽ അഴിച്ച് പണിയുമെന്നും സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകുന്ന അഞ്ച് സമിതികൾ എല്ലാ മണ്ഡലങ്ങളും സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

click me!