
തിരുവനന്തപുരം: യുകെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദി അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയ 'കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആന്റ് നഴ്സിങ് അഡ്മിനിസ്‌ട്രേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍' പ്രോജക്ടിലെ യുകെ നഴ്‌സുമാരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. വിജയകരമായ മാതൃകയ്ക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെ സന്ദര്‍ശിച്ചപ്പോള്‍ ഇവരെ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് കണ്ടിരുന്നു. നഴ്‌സിംഗ് രംഗത്തെ അറിവുകള്‍ പരസ്പരം പങ്കു വയ്ക്കുന്നതിന് അവര്‍ സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്നാണ് യുകെയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച നഴ്‌സുമാരും യുകെയിലെ മലയാളി സംഘടനകളില്‍ ഒന്നായ കൈരളി യുകെയും കേരളവുമായി സഹകരിച്ച് പ്രോജക്ട് തയ്യാറാക്കിയത്. യാതൊരുവിധ സര്‍ക്കാര്‍ ഫണ്ടുകളോ ഡേറ്റാ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നിരീക്ഷിച്ചും ആര്‍ജിത അറിവുകള്‍ പങ്കുവച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയുമാണ് പ്രോജക്ട് ആരംഭിക്കാന്‍ അനുമതി നല്‍കിയത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലാണ് പ്രോജക്ട് ആദ്യമായി നടപ്പിലാക്കിയത്. പ്രോജക്ടിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ പോലെ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തിയതോടെ ഈ വിഭാഗത്തിലെ രോഗീ പരിചരണത്തില്‍ വളരെ മാറ്റങ്ങളുണ്ടായി. തിരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃ പാഠവവും ആത്മാര്‍ത്ഥതയും യുകെ മലയാളി സംഘത്തിനും പഠിക്കാനായി. മന്ത്രിയുടെ പിന്തുണയും അവര്‍ എടുത്തു പറഞ്ഞു. യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കല്‍ ഗൈഡ് ലൈനുകളും വികസിപ്പിച്ച് അറിവുകള്‍ പങ്കുവയ്ക്കുകയുമാണ് ഇനിയുള്ള ലക്ഷ്യം.
യുകെ കിങ്സ് കോളജ് എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ ട്രസ്റ്റിലെ തീയേറ്റര്‍ ലീഡ് നഴ്സ് മിനിജ ജോസഫ്, യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കല്‍ കെയര്‍ ഇലക്ടീവ് സര്‍ജിക്കല്‍ പാത്ത് വെയ്സ് സീനിയര്‍ നഴ്സ് ബിജോയ് സെബാസ്റ്റ്യന്‍, കിങ്സ് കോളേജ് എന്‍എച്ച്എസ് ഐസിയു, എച്ച്ഡിയു വാര്‍ഡ് മാനേജര്‍ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച നഴ്‌സുമാര്‍. ഇവര്‍ക്കൊപ്പം യുകെയിലെയും അയര്‍ലാന്‍ഡിലെയും ആശുപത്രികളിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അയര്‍ലന്‍ഡ് സ്വദേശിനി മോന ഗഖിയന്‍ ഫിഷറും പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam