
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എരിതീയില്‍ എണ്ണയൊഴിക്കുന്നുവെന്ന് എ കെ ആന്‍റണി. ദില്ലി രാംലീല മൈതാനിയില്‍ നടന്ന ബിജെപിയില്‍ റാലിയില്‍ പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു എ കെ ആന്‍റണി. മോദി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം. അതേസമയം താനാണ് ഇന്ത്യയെന്ന് മോദി വിചാരിക്കരുതെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണഘടന ഉറപ്പുനൽകിയ അവകാശങ്ങൾ എടുത്തുകളഞ്ഞ ശേഷം മുസ്ലീങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് മോദി വിലപിക്കുന്നു. ബിജെപി ഒഴികെയുള്ള പാർട്ടികളെല്ലാം പൗരത്വ നിയമ ഭേദഗതിക്ക് എതിരാണെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെന്നും ദില്ലി രാംലീല മൈതാനിയില്‍ നടന്ന ബിജെപിയില്‍ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാര്‍ക്ക് വേണ്ടിയുള്ളതല്ല. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ മതത്തിന്‍റെ പേരില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇനി അവസരം ലഭിക്കില്ല. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അവര്‍ക്കായി കസ്റ്റഡി കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടേ വ്യാജപ്രചരണം നടക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam