പൗരത്വ ഭേദഗതി നിയമം: ചെന്നിത്തലയുടെ നിലപാട് ശരി; മുല്ലപ്പള്ളിയെ തള്ളി മുസ്ലിം ലീഗ്

By Web TeamFirst Published Dec 22, 2019, 4:38 PM IST
Highlights
  • പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണ് മുസ്ലിം ലീഗെന്ന് കെപിഎ മജീദ്
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടതെന്നും മുസ്ലിം ലീഗ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി മുസ്ലിം ലീഗും രംഗത്ത്. സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭം നടത്തുന്ന വിഷയത്തിൽ കെപിസിസി അധ്യക്ഷന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് രേഖപ്പെടുത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തതാണ് ശരിയായ നിലപാട്.

വിഷയത്തിൽ ദേശീയ തലത്തിലും കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്ന കാര്യം കെപിഎ മജീദ് ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറത്തുവിട്ടിരുന്നു. പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും സഹകരിച്ച് പ്രതിഷേധത്തിന് ഇറങ്ങിയിട്ടും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും സഹകരണത്തെ വിമര്‍ശിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടെ നടപടി അങ്ങേയറ്റം സങ്കുചിതമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. ദേശീയതാത്പര്യം മുന്‍നിര്‍ത്തി സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‍ലീം ലീഗ് എന്നിവരെ സിപിഎം പ്രശംസിക്കുകയും ചെയ്തിരുന്നു.

മത-ജാതി-രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങുകയാണ് വേണ്ടത്. ഈ ഒരു ചിന്തയുടെ ഭാഗമായാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ്‌ നേതാക്കളും ചേര്‍ന്ന് ഡിസംബര്‍ 16 ന്‌ മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്‌. കേരളീയ സമൂഹത്തിന്‌ മാത്രമല്ല ഇന്ത്യന്‍ ജനതയ്‌ക്കും ഇത്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കിയതെന്നും സിപിഎം വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

click me!