ശബരി ആശ്രമം: വിവാദമുണ്ടാക്കുന്നവർക്ക്‌ ആ മണ്ണിൽ ചവിട്ടാൻ അർഹതയില്ല; കോൺഗ്രസിനും ബിജെപിക്കുമെതിരെ എ കെ ബാലന്‍

By Web TeamFirst Published Oct 4, 2021, 5:40 PM IST
Highlights

സംസ്ഥാനവും കേന്ദ്രവും ഭരിച്ച കോൺഗ്രസ്‌ ആശ്രമം നവീകവരിക്കുന്നതിന് ഒരു നയാപൈസ നീക്കിവച്ചില്ല. മഹാത്മാവിന്റെ സ്‌മരണ നിലനിൽക്കുന്ന ആശ്രമത്തെ കോൺഗ്രസ് അവഗണിച്ചുവെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി. 

പാലക്കാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മൂന്ന് തവണ സന്ദർശിച്ച പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തെച്ചൊല്ലിയുള്ള (sabari ashram) രാഷ്ട്രീയ പോരില്‍ കോൺഗ്രസിനും ബിജെപിക്കുമെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ (a k balan). വിവാദമുണ്ടാക്കുന്നവർക്ക്‌ ആ മണ്ണിൽ ചവിട്ടാൻ അർഹതയില്ലെന്ന് എ കെ ബാലൻ വിമര്‍ശിച്ചു. സംസ്ഥാനവും കേന്ദ്രവും ഭരിച്ച കോൺഗ്രസ്‌ ആശ്രമം നവീകവരിക്കുന്നതിന് ഒരു നയാപൈസ നീക്കിവച്ചില്ല. മഹാത്മാവിന്റെ സ്‌മരണ നിലനിൽക്കുന്ന ആശ്രമത്തെ കോൺഗ്രസ് അവഗണിച്ചുവെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.  

ഏഴ്‌ വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഗാന്ധി സ്‌മാരകം വരും തലമുറയ്‌ക്ക്‌ ഉതകും വിധം മാറ്റിയെടുക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല.  ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ആരാധിക്കുന്ന അവർക്ക്‌ ആ മണ്ണിൽ ചവിട്ടാൻ പോലും അർഹതയില്ല. ശബരി ആശ്രമം നവീകരിക്കാൻ അഞ്ച്‌ കോടി രൂപ നീക്കിവച്ചത്‌ ഒന്നാം പിണറായി സർക്കാരാണെന്നും ബാലൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഗാന്ധിജയന്തി ദിനത്തിൽ ത്രിവർണ്ണ യാത്ര തുടങ്ങിയത് ശബരിയിൽ നിന്നായിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ചാണകവെള്ളമൊഴിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നാലെ യുവമോർച്ച രാഹുൽ ഗാന്ധിയുടെ കോലത്തിൽ അണുനശീകരണം നടത്തി മറുപടിയും നൽകിയിരുന്നു.

click me!