ശിൽപ്പി സുരേഷിന്‍റെ പരാതി: മോൻസൻ മാവുങ്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Oct 4, 2021, 5:23 PM IST
Highlights

മോൻസൻ്റെ കസ്റ്റഡിക്കായി തിരുവനന്തപുരം കോടതിയിൽ അപേക്ഷ നൽകും. ശിൽപ്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

കൊച്ചി: ശിൽപ്പി സുരേഷിൻ്റെ (Artist Suresh) പരാതിയിൽ മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal) അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് കാക്കനാട് ബോസ്റ്റൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോൻസൻ്റെ കസ്റ്റഡിക്കായി തിരുവനന്തപുരം കോടതിയിൽ അപേക്ഷ നൽകും. ശിൽപ്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

മോൻസൻ മാവുങ്കലിന്‍റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപ്പങ്ങൾ തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് നിര്‍മ്മിച്ചതാണ്. ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്. ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ് സുരേഷ്. മോൻസനെതിരെ വെളിപ്പെടുത്തൽ നടത്തിയപ്പോഴും ഏഷ്യാനെറ്റ് ന്യൂസിൽ മുഖം വെളിപ്പെടുത്താൻ സുരേഷ് തയ്യാറായില്ല. താൻ നിർമ്മിച്ച ശിൽപ്പങ്ങൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ അമേരിക്കയിൽ നിന്ന് ഫോൺ കോൾ വന്നു. അന്ന് കൊച്ചിയിൽ മോൻസനെ ചെന്ന് കാണണമെന്നായിരുന്നു ആവശ്യം. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് 2019 ലാണ് ആറ് ശിൽപ്പങ്ങൾ കൈമാറിയത്.  ശിൽപ്പങ്ങൾ വിറ്റ് ഒരു മാസത്തിനകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും രണ്ട് വർഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നും സുരേഷ് പറയുന്നു.

താൻ നിർമ്മിച്ച ശിൽപ്പങ്ങളാണ് പുരാതന ശിൽപങ്ങളായി മോൻസ് പ്രചരിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. കുമ്പിൾ തടിയിൽ നിർമ്മിച്ച ശിൽപ്പങ്ങളാണിവ. ഇവയാണ് ചന്ദനമരത്തിൽ തീർത്ത ശിൽപ്പങ്ങളെന്ന് പറഞ്ഞ് പറ്റിച്ചത്. വിശ്വരൂപം, മറിയ തുടങ്ങി ആറ് ശിൽപ്പങ്ങളാണ് സുരേഷ് കൈമാറിയത്. പണം കിട്ടാതെ വന്നതോടെ വൻ സാമ്പത്തിക ബാധ്യതയുണ്ടായി. ഹ്യദ്രോഗിയായി മാറിയെന്നും സുരേഷ് പറഞ്ഞു.

മോൻസനെതിരെ ശിൽപ്പി സുരേഷ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ശിൽപ്പങ്ങൾ തിരികെ വേണമെന്നാണ് സുരേഷിന്റെ ആവശ്യം. ഇനി പണം കിട്ടുമെന്ന് താൻ കരുതുന്നില്ല. തന്റെ അനുവാദമില്ലാതെ വിശ്വരൂപം ശിൽപ്പത്തിന് പെയിന്റടിച്ചു മാറ്റി. പണത്തിനായി പല പ്രാവശ്യം കൊച്ചിയിലെ വീട്ടിൽ പോയിരുന്നു. അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി മോൻസനെ കണ്ടു. രണ്ട് ദിവസത്തിനകം പണം നൽകാമെന്ന് പറഞ്ഞാണ് തന്നെ മടക്കിയതെന്നും സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!