
തിരുവനന്തപുരം: തന്‍റെ നിഴലിനെപ്പോലും ഭയപ്പെടുന്നുവെന്ന ബിന്ദു അമ്മിണിയുടെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി എ കെ ബാലൻ. താനോ തന്‍റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് തന്‍റെ ഓഫീസിനില്ലെന്നും എ കെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പരാതിയുമായാണ് ഇവര്‍ എന്‍റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവര്‍ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്‍റെ ഓഫീസില്‍ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികള്‍ രണ്ടും അനന്തര നടപടികള്‍ക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുന്‍പ് തന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപടി ഉണ്ടാകുമെന്നും എ കെ ബാലന്‍ വിശദമാക്കി.
എ കെ ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ബിന്ദു അമ്മിണി നടത്തിയ ഒരു പ്രസ്താവന കാണാനിടയായി. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞിട്ടുള്ളത്. ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ ഓഫീസില്‍ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.
ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പരാതിയുമായാണ് ഇവര്‍ എന്‍റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവര്‍ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്‍റെ ഓഫീസില്‍ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികള്‍ രണ്ടും അനന്തര നടപടികള്‍ക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുന്‍പ് തന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപടി ഉണ്ടാകും. ഞാനോ എന്‍റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്‍റെ ഓഫീസിനില്ല.
സംസ്ഥാനസർക്കാരിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്നായിരുന്നു ബിന്ദു അമ്മിണി നേരത്തെ പറഞ്ഞത്. തന്‍റെ നിഴലിനെപ്പോലും മന്ത്രി എ കെ ബാലൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് താൻ ഓഫീസിൽ വന്നത് അറിയില്ലെന്ന് പറഞ്ഞതെന്നും ബിന്ദു അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഏറ്റുമാനൂരിൽ അധ്യാപകൻ പീഡിപ്പിച്ചത് തുറന്ന് പറഞ്ഞത് മൂലം 95 വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയ സാഹചര്യത്തിൽ ഇതിനെതിരെയുള്ള പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാനാണ് കോട്ടയത്ത് വന്നതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ഈ കേസിൽ പരാതി നൽകാനാണ് ബിന്ദു അമ്മിണി എ കെ ബാലന്‍റെ ഓഫീസിലെത്തിയത്.
സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ബിന്ദു അമ്മിണി ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷവും ഈ വർഷവും സർക്കാരിന് ഒരേ നിലപാടാണ്. സ്ത്രീകളെ കടത്തിവിടേണ്ട എന്ന നിലപാടിൽ നിന്ന് സർക്കാർ മാറുന്നില്ല. ഭയം കൊണ്ട് മാത്രമാണ് താൻ ഓഫീസിൽ വന്നിരുന്നില്ലെന്ന് മന്ത്രി എ കെ ബാലൻ പറയുന്നതെന്നും ബിന്ദു അമ്മിണി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam