കുണ്ടറ പീഡന പരാതി; ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്

By Web TeamFirst Published Aug 25, 2021, 11:27 AM IST
Highlights

വിഷയം 'നല്ലരീതിയിൽ പരിഹരിക്കണം" എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമർശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലം: കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് കാട്ടി ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകി. മന്ത്രി ഭീഷണിപ്പെടുത്തുകയോ ഇരയുടെ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പീഡനപരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. 'പീഡന പരാതി നല്ല നിലയിൽ തീർക്കണം' എന്ന മന്ത്രിയുടെ പരാമർശത്തിൽ കുറ്റകരമായി ഒന്നും ഇല്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പ്രശ്നം തീർക്കണം  എന്നാണ് മന്ത്രി പറഞ്ഞതെന്ന് നിയമോപദേശത്തിൽ പറയുന്നു. നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്.

എൻ സി പി നേതാവിനെതിരായ പീഡന കേസ് പിൻവലിക്കാൻ പരാതിക്കാരിയുടെ പിതാവിനോട്  മന്ത്രി ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം.എന്നാൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുണ്ടായതാണ് പരാതിയെന്നും ഇതിൽ കഴമ്പില്ലെന്നും ആയിരുന്നു തുടക്കം മുതൽ മന്ത്രിയുടെയും എൻസിപിയുടെയും നിലപാട്. ആ നിലപാടിലൂന്നിയുള്ള എൻസിപി പ്രതിരോധത്തിന് കൂടിയാണ് ഈ റിപ്പോർട്ടോടെ പൊലീസ് നല്ല നിലയിലുള്ള തീർപ്പ് കൽപ്പിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!