
കോഴിക്കോട്: കാട്ടുപന്നികളെ (Wild Boar) വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് നൽകാനുള്ള ശുപാർശ അടുത്ത മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ (A K Saseendran). പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാകുംപഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നൽകുക. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാൻ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡിനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് നൽകാൻ സർക്കാർ ഒരുങ്ങുന്നത്.
കാട്ടുപന്നി ശല്യം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമനിര്‍മ്മാണം സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ബിഷപ്പ് സംതൃപ്തി പ്രകടിപ്പിച്ചെന്നും മന്ത്രി അറിയിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ മന്ത്രിയുമായി തുറന്ന് സംസാരിക്കാന്‍ കഴിഞ്ഞെന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലും അറിയിച്ചു.
കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യം കൂടുതലുളള പ്രദേശങ്ങളില്‍ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രം ഇത് വരെ തീരുമാനം എടുത്തിട്ടില്ല. കാട്ടുപന്നി ശല്യം രൂക്ഷമായ പല മേഖലകളിലും കൃഷി നിലച്ച മട്ടാണ്.
വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. എന്നാല്‍ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല. എങ്കിലും ഏറ്റവുമധികം കൃഷിനാശമുണ്ടാക്കുന്ന ജീവികളലൊന്ന് ഇവയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
ഇതു പരിഗണിച്ചാണ് കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതും പിന്നീട് വ്യവസ്ഥകള്‍ ലളിതമാക്കിയതും. ഇവയുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ശല്യം കൂടുതലുളള മേഖലകളില്‍ നിയന്ത്രിതമായി കൊന്നൊടുക്കകയാണ് വേണ്ടതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വന്യ ജീവി ബോര്‍ഡിന് അപേക്ഷ നല്‍കി മാസങ്ങളായിട്ടും തീരുമാനം വന്നിട്ടില്ല. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വരാത്ത പക്ഷം മലയോര മേഖലകളിലെ കൃഷിമാത്രമല്ല ജനങ്ങളുടെ സ്വൈര്യജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്ന നിലയിലാണ് കാര്യങ്ങള്‍.
Also Read: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍; എംപിയുടെ നിലപാട് അപലപനീയമെന്ന് കിഫ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam