'കാട്ടുപന്നിയുടെ ആക്രമണത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട മണ്ഡലത്തിലെ എംപിയാണ് വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കരുതെന്നും അതിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അധികാരം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നത്'. 

കാസര്‍കോട്: മലയോര കര്‍ഷകരുടെ പ്രധാന പ്രശ്നങ്ങളിലൊന്നായ കാട്ടുപന്നി ശല്യത്തിനെതിരെ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇരട്ടനിലപാട് സ്വീകരിച്ചെന്ന് ആരോപിച്ച് കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷൻ (Kerala Independent Farmers Association - KIFA) രംഗത്ത്. സംയുക്ത പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് നല്‍കിയ കത്തില്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യമാണ് ഒരു മാസത്തിന് ശേഷം എംപി, പാര്‍ലമെന്‍റില്‍ ഉന്നയിച്ചതെന്ന് കിഫ ആരോപിച്ചു.

രാജ്മോഹന്‍ ഉണ്ണിത്താൻ എം പി, ഫെബ്രുവരി 9 ന് പരിസ്ഥിതിയും വനവും സംബന്ധിച്ച സംയുക്ത പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ജയറാം രമേശിന് വന്യജീവി (സംരക്ഷണം) ഭേദഗതി ബില്ലിലെ സെക്ഷൻ 62 നിയമത്തെ കുറിച്ച് വിശദമായ കത്തെഴുതി. വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി (Vermin) പ്രഖ്യാപിച്ചാല്‍, അവയെ കൊല്ലാനായി നിയമം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്ന സെക്ഷൻ 62 എടുത്ത് കളയണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ പടക്കം പൊട്ടി ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം ഇതിന് ഉദാഹരണമായി അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. 

ഒരു മാസത്തിന് ശേഷം മാർച്ച് 28 ന് ലോക്‌സഭയിൽ സംസാരിച്ച എംപി വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 62 പ്രകാരം കാസർകോട് ജില്ലയിലെ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ ഒരേ വിഷയത്തില്‍ പരസ്പര വിരുദ്ധമായ നിലപാടാണ് എം പിക്കുള്ളതെന്ന് കിഫ ആരോപിക്കുന്നു. 'കേരളത്തില്‍ കാട്ടുപന്നി അക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് കാസര്‍കോട് ജില്ലയിലാണ്. അവിടുത്തെ ജനപ്രതിനിധി വന്യജീവി (സംരക്ഷണം) നിയമത്തിന്‍റെ കാര്യത്തില്‍ ഒറ്റമാസത്തിനുള്ളില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ കത്ത് വിവരാവകാശ പ്രകാരം ലഭിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ എംപിയുടെ ഇരട്ട നിലപാട് വ്യക്തമായതെ'ന്ന് കിഫ ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

"ഒരോ ജില്ലയിലെയും പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, 2020 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേരളത്തില്‍ കാട്ടുപന്നിയുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത് 21 പേരാണ്. ഇതില്‍ 10 പേര് കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. കാട്ടുപന്നിയുടെ ആക്രമണത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട മണ്ഡലത്തിലെ എംപിയാണ് വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കരുതെന്നും അതിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അധികാരം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നത്. അതേ എംപി പാര്‍ലമെന്‍റില്‍ ഈ നിയമത്തെ അടിസ്ഥാനമാക്കി തന്‍റെ ജില്ലയില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു." അലക്സ് കൂട്ടിച്ചേര്‍ത്തു. 

കേരളത്തില്‍, കാട്ടുപന്നി മലയോര മേഖലയുടെ മാത്രം പ്രശ്നമല്ലെന്ന തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കില്‍ പോകവേ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാടുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശങ്ങളില്‍ പോലും കാട്ടുപന്നിയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുകയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ കിഫ നല്‍കിയ കേസില്‍ 2021 ജൂലൈയില്‍ ഒരു വിധി വന്നിരുന്നു. പന്ത്രണ്ട് കര്‍ഷകര്‍ ചേര്‍ന്ന് നല്‍കിയ ആ കേസില്‍, കക്ഷിയായ കര്‍ഷകര്‍ക്ക് ഉപാധി രഹിതമായി അവരുടെ പറമ്പില്‍ കയറുന്ന കാട്ടുപന്നിയെ കൊല്ലാമെന്നായിരുന്നു ഉത്തരവെന്നും അലക്സ് ഒഴുകയില്‍ പറഞ്ഞു.

'കാടിന്‍റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ കുടുക്ക് വയ്ക്കരുത്, പടക്കം വയ്ക്കരുത്, വിഷം വയ്ക്കരുത് എന്നിങ്ങനെ നിരവധി ഉപാധികളോടെയാണ് കാട്ടുപന്നിയെ കൊല്ലാന്‍ ഇപ്പോഴത്തെ അനുമതി. പിന്നെയുള്ളത് തോക്ക് ഉപയോഗിക്കുകയാണ്. തോക്ക് പൊലീസിന്‍റെ അധികാര പരിധിയിലാണ്. ഇതെല്ലാം കര്‍ഷകരെ സംബന്ധിച്ച് അപ്രായോഗികമാണ്. ഇതിന് പകരം, പന്ത്രണ്ട് കര്‍ഷകര്‍ക്കായുള്ള ഹൈക്കോടതിയുടെ ഉത്തരവ് കേരളത്തിലെ എല്ലാ കര്‍ഷകര്‍ക്കും ബാധകമാക്കണം. അങ്ങനെയെങ്കില്‍ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാമെന്നും അലക്സ് ഒഴുകയില്‍ കൂട്ടിച്ചേര്‍ത്തു. 

കര്‍ണ്ണാടക, ഉത്തരാഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പല സംസ്ഥാനങ്ങളിലും കടുവാ സങ്കേതങ്ങളുമുണ്ട്. ഇവിടെയാകട്ടെ കാട്ടുപന്നിയെ കൊന്നാല്‍ കടുവയുടെയും പുലിയുടെയും തീറ്റ മുടങ്ങുമെന്നുമാണ് പറയുന്നത്. കര്‍ഷകരുടെ പറമ്പുകളിലാണ് കാട്ടുപന്നി പ്രശ്നമുണ്ടാക്കുന്നത്. അല്ലാതെ ഉള്‍ക്കാട്ടിലല്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊന്നാല്‍ എങ്ങനെയാണ് ഉള്‍ക്കാട്ടിലെ മൃഗങ്ങളുടെ ഭക്ഷണം മുട്ടുകയെന്നും അലക്സ് ചോദിക്കുന്നു. ആര്‍ട്ടിക്കിള്‍ 14 പറയുന്ന ഫെഡറല്‍ തുല്യതാവകാശ നിയമത്തിന് ഇത് വിരുദ്ധവുമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ദോഷകരായ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെട്ട കാട്ടുപന്നിയെ കേരളത്തില്‍ മാത്രം അതല്ലെന്ന് പറയുന്നത് കേരളത്തിലെ കര്‍ഷകരോട് കാണിക്കുന്ന അനീതിയാണെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു.