
തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ടെ പുതിയ ഫോൺവിളി വിവാദം ചർച്ചയാകുമ്പോൾ പഴയ ഫോൺ വിളി കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസിൽ ഇതുവരെ കുറ്റപത്രം പോലും നൽകിയില്ല. സംഭവം ഉണ്ടായി നാല് വർഷം പിന്നിട്ടും ശബ്ദരേഖയുടെ ഫോറൻസിക് പരിശോധനാ ഫലം കിട്ടിയില്ലെന്നാണ് വിചിത്രമായ വിശദീകരണം.
2017ൽ കോളിളക്കമുണ്ടാക്കിയ ഫോൺവിളി വിവാദത്തിന് പിന്നാലെ ശശീന്ദ്രൻ രാജിവെച്ചെങ്കിലും സർക്കാർ അതിവേഗം ജൂഡീഷ്യൽ അന്വേഷണവും പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു. ശശീന്ദ്രനെ കുരുക്കാൻ ഫോണ്‍ വിളിച്ച മാധ്യമപ്രവർത്തക, ആ സംഭാഷണം എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചുവെന്നായിരുന്നു ക്രൈബ്രാഞ്ച് കേസ്. ശബ്ദം തന്‍റേതല്ലെന്നായിരുന്നു ശശീന്ദ്രന്‍റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചാനൽ സിഇഒ അടക്കം അഞ്ച് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഫോണ്‍ വിളിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യുകയോ ഫോണ്‍ കണ്ടെത്തുകയോ ചെയ്തില്ല.
ചാനലിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ഉപകരണങ്ങളും, ഫോണ്‍ സംഭാഷണവും ഫൊറൻസിക് ലാബിലേക്ക് പരിശോധനക്കയച്ചിട്ടും ഫലം ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോഴും വിശദീകരിക്കുന്നത്. ഫൊറൻസിക് പരിശോധനയിൽ ശശീന്ദ്രന്‍റെതാണ് ശബ്ദമെന്ന് പുറത്തുവന്നാൽ അത് വീണ്ടും മന്ത്രിക്ക് തന്നെ തലവേദനയാകുമെന്നുകൊണ്ടാണ് അന്വേഷണം തണുപ്പിച്ചത്. ഫോറന്‍സിക് പരിശോധനാ ഫലം കിട്ടാത്തതിനാൽ ജൂഡീഷ്യൽ അന്വേഷണം നടത്തിയ ആൻറണി കമ്മീഷന്‍ മന്ത്രിക്ക് നൽകിയത് ക്ലീൻ ചിറ്റ്. ചാനൽ മേധാവി അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ ശുപാർശ ചെയ്ത കമ്മീഷന്‍റെ പ്രധാന ശുപാർശകളെല്ലാം മാധ്യമങ്ങൾക്ക് ഏർപ്പെടുത്തേണ്ട പെരുമാറ്റചട്ടം സംബന്ധിച്ചുള്ളവ ആയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona