കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് സാധ്യത

By Web TeamFirst Published Jul 21, 2021, 7:38 AM IST
Highlights

വായ്പകൾ നൽകി നൂറൂകോടിയിലധികം രൂപ തട്ടിയ സംഭവത്തിൽ വഞ്ചന ഗൂഡാലോചന എന്നിവയെക്കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് കേസ് വിജിലൻസിന് കൈമാറുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നത്.

തൃശൂർ: തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതിനാൽ കേസ് വിജിലൻസിന് വിടുന്നതാണ് നല്ലതെന്ന് ഉന്നത പൊലീസ് നേതൃത്വം വിലയിരുത്തുന്നു. അതിനിടെ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തുടങ്ങി.

വായ്പകൾ നൽകി നൂറൂകോടിയിലധികം രൂപ തട്ടിയ സംഭവത്തിൽ വഞ്ചന, ഗൂഢാലോചന എന്നിവയെക്കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് കേസ് വിജിലൻസിന് കൈമാറുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നത്. നൂറ് കണക്കിന് രേഖകൾ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾ പരിഗണിച്ച് കേസ് വിജിലൻസിനെ ഏൽപ്പിക്കാമെന്ന അഭിപ്രായത്തിനാണ് മുൻ തൂക്കം. ഇതിനിടെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസിൽ അന്വേഷണം തുടങ്ങി.

ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെന്ന സഹകരണ ജോയിന്റെ റജിസ്ട്രാറുടെ റിപ്പോർട്ട് പഠിച്ച ശേഷമാകും അന്വേഷണത്തിന്റെ തുടർ നടപടികൾ തീരുമാനിക്കുക. കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് പഠിച്ച ശേഷമാകും ക്രമം തെറ്റിച്ച് വായ്പ അനുവദിച്ച കാര്യങ്ങളിൽ എങ്ങനെ അന്വേഷണം വേണമെന്ന് തീരുമാനിക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കോൺഗ്രസ്സും ബിജെപിയും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് വരെ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് ഇവരുടെ നീക്കം കൂടിയാവുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!