
ഇടുക്കി: ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് യോഗം ചേരും. വൈകിട്ട് നാല് മണിക്ക് കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ ഇടുക്കി അണക്കെട്ടിൽ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് യോഗം ചേരുന്നത്.
കഴിഞ്ഞഴ്ചയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാമിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് എന്നയാൾ കടന്നുകയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയിത്. ഇയാൾ ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകവും ഒഴിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ ഇയാളുടെ പ്രവർത്തികൾ മനസിലായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായത്. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. മെറ്റൽ ഡിറ്റക്ടർ വരെ ഉപയോഗിച്ചുള്ള പൊലീസിന്റെ കർശന പരിശോധന മറികടന്ന് ഇയാൾ താഴുകളുമായി അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയായിട്ടാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്.
അതേസമയം വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലേ കൃത്യമായ ലക്ഷ്യം മനസ്സിലാക്കാൻ കഴിയൂ. ഇതിനായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam