ബിജെപി വാദം തള്ളി മര്‍കസ്; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയ കുറിപ്പ് പിന്‍വലിച്ച് എ എന്‍ രാധാകൃഷ്ണന്‍

By Web TeamFirst Published Jan 6, 2020, 7:23 PM IST
Highlights

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ശ്രമിച്ച എ എന്‍ രാധാകൃഷ്ണനോട് കര്‍ക്കശമായ ഭാഷയില്‍ സംസാരിച്ചുവെന്ന മര്‍കസ് വിശദീകരണം വന്നതോടെയാണ് ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചത്

മലപ്പുറം: സ്വകാര്യ ചടങ്ങിനിടെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ല്യാരുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ മുസ്‍ലിം സഹോദരങ്ങള്‍ക്ക് ഇടയില്‍ പരന്നിട്ടുള്ള തെറ്റിധാരണകള്‍ നീക്കാനായി കാന്തപുരവുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്. കാന്തപുരത്തോടൊപ്പമുള്ള ചിത്രത്തോട് കൂടിയതായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. 

രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ മര്‍കസ് മീഡിയ സംഭവത്തേക്കുറിച്ച് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ എന്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചത്. തൃശൂരില്‍ ഒരു നികാഹ് കര്‍മ്മത്തിന് ശേഷം സദ്യ കഴിക്കുമ്പോള്‍ ഒരു വ്യക്തി വന്ന് അയാള്‍ രാധാകൃഷ്ണന്‍ ആണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ശ്രമിച്ചു. ഉടനെ രൂക്ഷമായ ഭാഷയില്‍ കാന്തപുരം മറുപടി നല്‍കിയെന്നും വീണ്ടും സംഭാഷണം തുടരാന്‍ ശ്രമിച്ചതോടെ ഇതിവിടെ സംസാരിക്കേണ്ട കാര്യമല്ലെന്ന് കര്‍ക്കശമായി സംസാരിച്ചുവെന്നും വിശദമാക്കുന്നതായിരുന്നു മര്‍കസ് മീഡിയയുടെ ഫേസ്ബുക്ക് കുറിപ്പ്. 

 

ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കേണ്ട നിസാര വിഷയമല്ല പൗരത്വ ഭേദഗതി നിയമമെന്നും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും നിയമത്തിനെതിരെ ഒറ്റക്കെട്ടാണ് എന്ന് കാന്തപുരം എഎന്‍ രാധാകൃഷ്ണനോട് വ്യക്തമാക്കിയെന്ന് വിശദമാക്കുന്നതാണ് മര്‍കസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ മര്‍കസ് തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഎന്‍ രാധാകൃഷ്ണന്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചത്. 

click me!