ചിലരുടെ തെറ്റിന് ചീത്ത കേൾക്കുന്നത് മുഴുവൻ സേന, തിരുത്തണം, പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും സ്പീക്കർ

By Web TeamFirst Published Nov 14, 2022, 6:35 PM IST
Highlights

പൊലീസിന് പലപ്പോഴും പിശകുകൾ പറ്റിയേക്കാം. മനുഷ്യ സഹജമായ പിശകാകാം അത്. പക്ഷേ അതുപോലും പൊതുസമൂഹം ആഗ്രഹിക്കാത്തതിനാൽ ആണ് വിമർശിക്കപ്പെടുന്നത്.

തിരുവനന്തപുരം : ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവൻ പൊലീസും ചീത്ത കേൾക്കേണ്ടി വരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും പൊലീസ് അസോസിയേഷൻ പരിപാടിക്കിടെ സ്പീക്കർ പറഞ്ഞു. കേരള പൊലീസുകാർ തന്നെ കുറ്റക്കാരാകുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് ഷംസീറിന്റെ പരാമർശം. 

പൊലീസിന് പലപ്പോഴും പിശകുകൾ പറ്റിയേക്കാം. മനുഷ്യ സഹജമായ പിശകാകാം അത്. പക്ഷേ അതുപോലും പൊതുസമൂഹം ആഗ്രഹിക്കാത്തതിനാൽ ആണ് വിമർശിക്കപ്പെടുന്നത്. അത് ഉൾക്കൊണ്ട് വേണം പൊലീസ് സേന പ്രവർത്തിക്കാൻ. ഇന്ന് പോലും പൊലീസിനെതിരെയുള്ള വാർത്തകളാണ് വരുന്നത്. പൊലീസിൽ കള്ള നാണയങ്ങൾ ഉണ്ട്. അവർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾക്ക് ചീത്ത കേൾക്കേണ്ടി വരുന്നത് മുഴുവൻ പേരും ആണ്. അത് കണ്ടെത്തി തിരുത്താൻ ആകണം. ജനങ്ങളുടെ സേവകൻ പൊലീസ് മാറണം. 

ഉന്നത അക്കാദമിക വിദ്യാഭ്യാസം ഉള്ളവരാണ് സേനയിൽ അധികവും. വിനയത്തോടെ പെരുമാറാൻ കഴിയണം. ജോലി സമ്മർദം കാരണം ജനങ്ങളുടെ മേൽ കുതിര കയറിയാൽ മുഴുവൻ സേനയും അതിൻ്റെ പഴി കേൾക്കേണ്ടി വരും. രാജ്യത്തിന് തന്നെ മാതൃക ആയ സേനയാണ് പൊലീസ്. പക്ഷേ ചില തെറ്റായ പ്രവണതകളെ വിമർശിക്കുമെന്നും ഷംസീർ പറഞ്ഞു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന പരിപാടിക്കിടെയാണ് സ്പീക്കറുടെ വാക്കുകൾ. 

click me!