
ആലപ്പുഴ: പാൻമസാല കേസിൽ സസ്പെൻഷനിലായതിന് പിന്നാലെ പ്രതികരിച്ച് ആലപ്പുഴ നഗരസഭാ കൌൺസിലർ ഷാനവാസ്. വാഹനം വാങ്ങിയത് പാർട്ടിയെ അറിയിച്ചില്ല എന്നതൊഴിച്ചാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഷാനവാസ് പറഞ്ഞു. പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിൽ തന്റെ പേര് വലിച്ചിഴച്ചതിൽ ഖേദമുണ്ട്. സസ്പെന്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ പാർട്ടി അന്വേഷിക്കും. പൊലീസിനും അന്വേഷിക്കാം. അന്വേഷണത്തിൽ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ രാജിവെക്കും. ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. തനിക്കെതിരെ പരാതി നൽകിയത് ചിലരുടെ വ്യക്തി താത്പര്യമാണ്. അതിനെ വിഭാഗീയതയായി കാണാനാകില്ല. പാർട്ടിയെ എവിടെയും മോശമാക്കി പറയില്ലെന്നും ഷാനവാസ് പറഞ്ഞു.
കരാർ രേഖയിൽ കൃത്രിമം കാണിച്ചിട്ടില്ല. കരാർ താനായിട്ടാണ് പുറത്തുവിട്ടത്. സാക്ഷികൾ ഒപ്പിട്ടില്ലെന്നതിനാൽ കരാർ റദ്ദാകില്ല. സത്യസന്ധതയോടെ ജീവിക്കുന്ന നല്ല വിശ്വാസിയാണ് താൻ. ടാക്സ് വെട്ടിച്ചിട്ടില്ല. കൃത്യമായി ഇൻകംടാക്സ് നൽകുന്നുണ്ട്. തനിക്ക് കമ്പനിയുണ്ടെന്നും അതിൽ ഇടയ്ക്ക് സജാദ് ഡ്രൈവറായി വന്നിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു. സജാദിനെ പൊലീസിന് പറഞ്ഞുകൊടുത്തത് താനാണ്. സജാദ് പറഞ്ഞിട്ടാണ് വണ്ടി വാടകയ്ക്ക് കൊടുത്തതെന്ന് പൊലീസിനോട് പറഞ്ഞു. തുടർന്നായിരുന്നു സജാദിന്റെ അറസ്റ്റ്. അൻസാറിനെ അടുപ്പമില്ല. ആരെങ്കിലും ട്രാപ്പ് ചെയ്യാൻ വേണ്ടി ചെയ്തതാണോ എന്ന് സംശയിക്കുന്നു. തന്റെ വാഹനം കൊണ്ടുപോയി ദുരുപയോഗം ചെയ്തതിന് സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും ഷാനവാസ് പറഞ്ഞു. പാർട്ടി നടപടിയെടുത്തതാണ് ശരി. അന്വേഷണത്തിൽ സത്യാവസ്ഥ വ്യക്തമാകുമ്പോൾ തിരിച്ചുവരും. 33 ലക്ഷം രൂപയ്ക്ക് വണ്ടിയെടുത്ത് സ്വന്തം പേരിൽ ലഹരിക്കടത്ത് നടത്താൻ താൻ മണ്ടനല്ലെന്നും ഷാനവാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Read More : സർക്കാറിന്റെ ലഹരി വിരുദ്ധ കാമ്പയിൻ, പാർട്ടി നേതാക്കൾ ലഹരി മാഫിയകൾ; പരിഹസിച്ച് വി ഡി സതീശൻ