
തിരുവനന്തപുരം: ബഫർസോൺ പ്രശ്നത്തിൽ സമയപരിധി തീർന്നപ്പോൾ ആകെ ലഭിച്ചത് 63500 പരാതികൾ. 24528 പരാതികള്‍ തീർപ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. കിട്ടിയതിൽ പകുതിയോളം പരാതികളും തീർപ്പാക്കാൻ കഴിയാതെയാണ് സമയപരിധി തീർന്നത്. അതേസമയം ലഭിച്ച പരാതികളിൽ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികൾ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം.
ബഫർ സോൺ മേഖലയിലെ 28494 നിർമ്മിതികൾ കൂടി ഭൂപടത്തിൽ ചേർത്തു. നേരത്തെ റിമോട്ട് സെൻസിംഗ് കേന്ദ്രം 54000 നിർമ്മാണങ്ങളുടെ വിവരങ്ങൾ ചേർത്തിരുന്നു. പുതിയ പരാതികളിലെ പരിശോധന കൂടി തീരുമ്പോൾ ബഫർസോൺ മേഖലയിൽ ആകെ ഒരുലക്ഷത്തിനടുത്ത് കെട്ടിടങ്ങൾ ബഫർസോൺ മേഖലയിൽ ഉണ്ടാകും. ഇവയെ ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.
ഒരാഴ്ചകൂടി നടത്തുന്ന പരിശോധനക്ക് ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. അതേസമയം 11 ന് കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി എന്ത് നിലപാടെടുക്കും എന്ന ആശങ്ക കേരളത്തിനുണ്ട്. സ്ഥലപരിശോധന തീർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ സാവകാശമാണ് കേരളം ചോദിക്കുന്നത്. ഇത് ലഭിക്കുമോ എന്ന് ഒരു ഉറപ്പുമില്ല. ഇതിനിടെ പരാതി നൽകാനുള്ള സമയപരിധ രണ്ടാഴ്ച കൂടി നീട്ടണമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി ആവശ്യപ്പെട്ടെങ്കിലും പരിധി നീട്ടിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam