വിശ്വസിച്ച് എങ്ങനെ കഴിക്കും! ഹോട്ടലുകളിൽ വിളമ്പുന്നത് എന്ത്? സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന് - 10 വാർത്ത

By Web TeamFirst Published Jan 7, 2023, 7:55 PM IST
Highlights

ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം...

തിരുവനന്തപുരം: എങ്ങനെവിശ്വസിച്ച് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുമെന്ന ചോദ്യമാണ് ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നത്. കോട്ടയത്തെ യുവതിയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് കാസർകോഡും സമാനമായ ദാരുണ മരണം സംഭവിച്ചത്. കൂടാതെ ഇടുക്കിയിൽ ഭക്ഷ്യവിഷബാധയേറ്റ്  മൂന്നുപേർക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായി. കേരളം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഭക്ഷ്യസുരക്ഷയിലെ പ്രശ്നങ്ങൾ തന്നെയാണ്. കൂടാതെ കൗമാര കലാകിരീടം കോഴക്കോട് തിരിപ്പിടിച്ച ചരിത്ര മുഹൂർത്തത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിനും തിരശീല വീണു. ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം...

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്.

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ

ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.

സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്: കണ്ണൂരും പാലക്കാടും രണ്ടാമത്

കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകളുടെ കരാട്ടെ ക്ലാസിനും സർക്കാർ വണ്ടി!

ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് നഗരത്തിൽ യഥേഷ്ടമോടുന്നു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സർക്കാർ ബോർഡ് വെച്ച ഇന്നോവ ക്രിസ്റ്റയിലാണ്.

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു

നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. 

'മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം'

 സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് വിമാനത്തിൽ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും പൊലീസ് വിളിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂറിനോടാണ് തിരുവനന്തപുരം ശംഖുമുഖം എസിപിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

'സുരേന്ദ്രൻ പൊരുതുന്ന നേതാവ്, പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റില്ല'

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശക്തനായ പൊരുതുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവഡേക്കർ. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രാചരണം അടിസ്ഥാന രഹിതമാണ്. കെ സുരേന്ദ്രൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എയർഹോസ്റ്റസുമാരോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ പൗരൻമാരെ ഗോവയിൽ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ എയർ വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം. 

click me!