
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് എത്തി കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടതിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മതമൗലികവാദ മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായുള്ള കൂട്ടുകെട്ട് യുഡിഎഫ് വിപുലീകരിക്കുന്നെന്ന സന്ദേശമാണിതെന്ന് വിജയരാഘവന്‍ പറഞ്ഞു.
യുഡിഎഫും ബിജെപിയും ചിന്തിക്കുന്നത് എൽഡിഎഫിനെ ദുർബലപെടുത്തണം എന്നുമാത്രമാണ്. അതിനായി യുഡിഎഫ് മതമൗലികവാദികളുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ്. ലീഗ് ആണ് യുഡിഎഫിനെ നിയന്ത്രിക്കുന്നത് എന്ന് ഓരോ ദിനം കഴിയുംതോറും കൂടുതൽ വ്യക്തമായി വരികയാണ്. ഇന്നും പാണക്കാട്ടേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയി. സംസ്‌ഥാനത്തെ പിന്നോട്ട് നയിക്കാനാണ് ഈ കൂട്ടുകെട്ടിന്‍റെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇടതുമുന്നണിക്കെതിരെ ഉന്നയിക്കാൻ ഒരു ആരോപണം പോലും കേരളത്തിലെ പ്രതിപക്ഷത്തിനില്ല. രാഷ്‌ട്രീയ ദിശാദാരിദ്രമാണ് യുഡിഎഫിനിപ്പോൾ ഉള്ളത്. മതാധിഷ്‌ഠിത രാഷ്‌ട്രീയ കൂട്ടുകെട്ടിലൂടെ കേരളത്തിന്‍റെ മതനിരപേക്ഷതയെ വെല്ലുവിളിക്കാനാണ് അവരുടെ ശ്രമം. തീവ്രഹിന്ദുത്വ വാദവുമായി ബിജെപിയും സംസ്‌ഥാനത്തെ വിഷലിപ്‌തമാക്കാൻ നോക്കുന്ന സാഹചര്യത്തിൽ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. വികസന കാഴ്‌ചപ്പാടും നവോത്ഥാനമൂല്യങ്ങളുമാണ് എൽഡിഎഫ് തുടർന്നും മുന്നോട്ടുവെയ്‌ക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam