
കൊല്ലം: കൊട്ടിയത്ത് ബൈക്ക് മോഷ്ടാവ് എന്നാരോപിച്ച് യുവാവിന് നാട്ടുകാരുടെ ക്രൂരമർദ്ദനം. ബൈക്ക് കള്ളൻ എന്ന പേരിൽ മർദ്ദന ദൃശ്യങ്ങൾ നാട്ടുകാർ പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ അപമാനം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് കൊട്ടിയം സ്വദേശി ഷംനാദ്. യഥാർഥ മോഷ്ടാക്കൾ അറസ്റ്റിലായിട്ടും നിരപരാധിയെ മർദ്ദിച്ചവർക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ല.
ഈ മാസം 24 ന് ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ആൾക്കൂട്ട ആക്രമണത്തിന് ഷംനാദ് ഇരയായത്. ബൈക്കിൽ വരുകയായിരുന്ന രണ്ട് ചെറുപ്പക്കാരോട് ലിഫ്റ്റ് ചോദിച്ചത് വിനയാവുകയായിരുന്നു. മോഷ്ടിച്ച ബൈക്കെന്ന് അറിയാതെയായിരുന്നു മോഷ്ടാക്കൾക്കൊപ്പം ഷംനാദിന്‍റെ യാത്ര. നാട്ടുകാർ പിടികൂടുമെന്നായപ്പോൾ ബൈക്കുപേക്ഷിച്ച് കൗമാരക്കാരായ മോഷ്ടാക്കൾ ഓടി. കട്ടവർ രക്ഷപ്പെട്ടപ്പോൾ കയ്യില്‍ കിട്ടിയ ഷംനാദിനെ നാട്ടുകാർ പൊതിരെ തല്ലി.
മോഷ്ടാവല്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും നാട്ടുകാർ ഒന്നും അന്വേഷിക്കാതെ ആക്രമിക്കുകയായിരുന്നു. യഥാർഥ പ്രതികളെ പിന്നീട് പിടിച്ചതോടെ ഷംനാദിനെ പാരിപ്പള്ളി പൊലീസ് വെറുതെ വിട്ടു. പക്ഷേ അപ്പോഴേക്കും കള്ളൻ എന്ന പേരിൽ ഷംനാദിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് മർദ്ദിച്ചവർക്കെതിരെ കൊട്ടിയം പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഏറ്റവും ഒടുവിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നീതി കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam