അരൂരിലെ സ്ഥാനാർത്ഥി ഹിന്ദു ആയിരിക്കണമെന്ന വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യമെന്ന് എ എ ഷുക്കൂർ

By Web TeamFirst Published Sep 23, 2019, 3:09 PM IST
Highlights

സാമുദായിക ഘടകങ്ങൾ മറികടന്ന് പാർട്ടി തീരുമാനത്തെ വെള്ളാപ്പള്ളി അംഗീകരിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവും ഡിവൈഎഫ്ഐ നേതാവുമായ മനു സി പുളിക്കലിന്‍റെ പേരിനാണ് പാർട്ടിയിൽ മുൻതൂക്കം. 

ആലപ്പുഴ: അരൂരിൽ ഹിന്ദുക്കൾ സ്ഥാനാർത്ഥികളാകണം എന്ന വെള്ളാപ്പള്ളി നടേശന്‍റെ നിലപാടിനെ തള്ളി ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വം. വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യമാണെന്ന് മുൻ ഡിസിസി പ്രസിഡന്‍റ് എ എ  ഷുക്കൂർ കുറ്റപ്പെടുത്തി. ഷാനിമോൾ ഉസ്മാൻ, എ എ ഷുക്കൂർ എന്നിവരെ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശമുണ്ടായത്. 

എസ്എൻഡിപിക്ക് നിർണായക സ്വാധീനമുള്ള അരൂരിലും കോന്നിയിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ പാടുപെടുന്ന കോൺഗ്രസിന് വെള്ളാപ്പള്ളിയുടെ നിലപാട് കൂടുതൽ തലവേദനയായിരിക്കുകയാണ്. ഡിസിസി പ്രസിഡന്‍റ് എം ലിജു, മുൻ മന്ത്രി കെ ബാബു തുടങ്ങിയ പേരുകൾ കോൺഗ്രസ് സജീവമായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിഞ്ഞത് ഷാനിമോളുടെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. 

Read More: അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി

അതേസമയം, സാമുദായിക ഘടകങ്ങൾ മറികടന്ന് പാർട്ടി തീരുമാനത്തെ വെള്ളാപ്പള്ളി അംഗീകരിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവും ഡിവൈഎഫ്ഐ നേതാവുമായ മനു സി പുളിക്കലിന്‍റെ പേരിനാണ് പാർട്ടിയിൽ മുൻതൂക്കം. വെള്ളാപ്പള്ളി വാശിപിടിച്ചാൽ സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവിനെയോ ജില്ലാ സെക്രട്ടറി ആ‍ർ നാസറിനെയോ കളത്തിലിറക്കും. യുഡിഎഫിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.

ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർകാവ്, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. പാർട്ടി ജയസാധ്യത മുന്നിൽ കാണുന്ന ഇവിടങ്ങളിൽ മികച്ച സ്ഥാനാർത്ഥികളെ  തന്നെ അവതരിപ്പിക്കണം എന്നതാണ് പൊതുവികാരം. 

click me!