Asianet News MalayalamAsianet News Malayalam

അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി

സംഘടനാപരമായി എല്‍ഡിഎഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറണമെന്നും വെള്ളാപ്പള്ളി.  എന്നാല്‍ പാലായില്‍ എല്‍ഡിഎഫിന്‍റേത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയിക്കുമെന്നും  വെള്ളാപ്പള്ളി

Vellapally Natesan says that Hindu candidates must be selected in konni and Aroor
Author
Trivandrum, First Published Sep 22, 2019, 11:29 AM IST

തിരുവനന്തപുരം: അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ  പരിഗണിക്കുക മര്യാദയെന്നാണ് വെള്ളാപ്പള്ളിയുടെ നിരീക്ഷണം. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണം.

സംഘടനാപരമായി എല്‍ഡിഎഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിന്‍റെ എടാ പോടാ ശൈലി മാറ്റണമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍ പാലായില്‍ എല്‍ഡിഎഫിന്‍റേത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയിക്കുമെന്നും  വെള്ളാപ്പള്ളി പറഞ്ഞു. 

അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ  സ്ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലേക്ക് നീങ്ങുകയാണ് മുന്നണികൾ. ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. നാളെയും മറ്റന്നാളുമായി യുഡിഎഫ് നേതാക്കൾ കൂടിയാലോചനകൾ നടത്തും. ബിജെപി കോർ കമ്മിറ്റി ഇന്ന് ചേരും.

ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർകാവ്, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്ക്. പാർട്ടി  ജയസാധ്യത മുന്നിൽ കാണുന്ന ഇവിടങ്ങളിൽ മികച്ച സ്ഥാനാർഥികളെ  തന്നെ അവതരിപ്പിക്കണം എന്നതാണ് പൊതുവികാരം. ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് എല്ലാ പാർട്ടികളും നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളുടെയും നേതാക്കൾ. 

അതേസമയം അരൂരിൽ വാശിയേറിയ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികൾ. സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ളവരെ ഇറക്കിയാണ് സിപിഎമ്മിന്‍റെ കാൽനടജാഥകൾ. പദയാത്രകളുമായി കോൺഗ്രസും മണ്ഡലത്തിൽ സജീവമാണ്. എന്നാൽ സാമുദായിക ഘടങ്ങൾ കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയം മൂന്ന് മുന്നണികൾക്കും ഒരുപോലെ വെല്ലുവിളിയാണ്.
 

Follow Us:
Download App:
  • android
  • ios