
ആലപ്പുഴ: സിപിഎം പെരിങ്ങന്നൂർ ലോക്കൽ സെക്രട്ടറി സന്ദീപ് വധക്കേസിലെ പ്രതികൾക്കെതിരെ ഹരിപ്പാട് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കേസ്. ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അരുണിനെ തട്ടിക്കൊണ്ടുപോയി തിരുവല്ലയിൽ തടവിൽ പാർപ്പിച്ച് അക്രമിച്ചുവെന്നാണ് കേസ്. സന്ദീപ് വധക്കേസിലെ മറ്റൊരു പ്രതി രതീഷിനു വേണ്ടിയായിരുന്നു അരുണിനെ തട്ടിക്കൊണ്ടുപോയത്.
സന്ദീപിന്റെ വീട് സന്ദർശിച്ച് കോടിയേരി
പെരിങ്ങര സിപിഎം (Cpm) ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ (sandeep murder) ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan).സന്ദീപിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. പൊലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളത്. പൊലീസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ല. കേസിലെ ഒരു പ്രതി ബിജെപിക്കാരൻ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണ്. ബാക്കിയുള്ളവരെ അവർ സംഘടിപ്പിച്ചതാകുമെന്നും കോടിയേരി പറഞ്ഞു.
വ്യാജ പ്രചരണങ്ങളിൽ നിന്നും ബിജെപിയും ആർഎസ്എസും പിന്മാറണം. സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. സന്ദീപിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കും. സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നൽകും. അക്രമപാതയിൽ നിന്നും ആർഎസ്എസ് പിന്തിരിയണം.
സന്ദീപിന്റെ വധത്തിന് പിന്നിൽ സിപിഎമ്മെന്ന് സുരേന്ദ്രൻ
സന്ദീപിന്റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ചില നേതാക്കൾക്ക് വിവരം നേരത്തെ അറിയാമായിരുന്നു. കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടെയും പ്രതികരണങ്ങളിൽ അത് വ്യക്തമാണ്. യഥാർത്ഥ പ്രതികളെ പുറത്തെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. കൊലപാതകത്തിലെ ഗൂഡാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam