നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ആരാണെന്ന് നടി ഭാമ തന്നോട് പറഞ്ഞിരുന്നുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ആരാണെന്ന് നടി ഭാമ തന്നോട് പറഞ്ഞിരുന്നുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നിട്ട് കോടതിയിൽ വന്ന് മൊഴി മാറ്റുകയായിരുന്നു. കോടതിക്ക് മുൻപിൽ വയ്ക്കുന്ന തെളിവുകൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് അതിജീവിത പറഞ്ഞാൽ മുഖവിലയ്ക്കെടുത്തേ പറ്റൂവെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിലെ 'ന്യൂസ് അവറി'ൽ പറഞ്ഞു.

"ഭാമ എന്ന പെണ്‍കുട്ടി എന്നോട് പറഞ്ഞതാണല്ലോ, ഇത് ഇന്നയാള് തന്നെയാണ് ചെയ്തതെന്ന്. എന്നിട്ട് കോടതിയിൽ വന്ന് മൊഴി മാറ്റി. എന്തുകൊണ്ട്? എവിടെയൊക്കെ എന്തൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം വളരെ വ്യക്തമാണ്. പൊലീസിൽ ഒന്നു പറഞ്ഞ് കോടതിക്ക് മുന്നിൽ മറ്റൊന്നു പറയുമ്പോൾ ഞങ്ങളെ പോലുള്ളവർക്ക് സംശയമുണ്ട്"- ഭാഗ്യലക്ഷ്മി പറഞ്ഞു.

മലയാള സിനിമയിൽ പുരുഷാധിപത്യമെന്ന് ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നും സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളാണെന്നും ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയൽ കൂട്ടിൽ നിന്നും അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ഓപ്പൺ ഫോറം വേദിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

അതിജീവിതയുടെ പ്രതികരണം

വിധിയെ വിമർശിച്ച് അതിജീവിത രംഗത്തെത്തി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു.

സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും ആണ് പോസ്റ്റിൽ അതിജീവിത പറയുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. പൾസർ സുനിയെയും അതിജീവിതയെയും ചേർത്തുണ്ടാക്കിയ കഥകൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പോസ്റ്റിന്‍റെ തുടക്കം. പിന്നാലെ വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചു, പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെ നീളുന്നു കോടതിയിൽ നിന്ന് നേരിട്ട നീതിനിഷേധം അതിജീവിത വിശദീകരിക്കുന്നു.

YouTube video player