
കൊല്ലം: കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് മഅദനി. മഅദനിയുടെ രക്തസമ്മർദ്ദവും പ്രമേഹവുമും കൂടിയ അളവിലാണ്. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. അതേസമയം, സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 20നാണ് അബ്ദുൽ നാസർ മഅദനി തിരുവനന്തപുരത്തെത്തിയത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. ബെംഗലൂരുവിൽ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനി അൻവാർശേരിയിലേക്ക് പോവുകയായിരുന്നു. കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് മഅദനിയെ വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു. അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിച്ചത്.
നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞിരുന്നു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞിരുന്നു. നാട്ടിലെത്തിയ മഅദനി പിതാവിനെ സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. നേരത്തെ നാട്ടിലെത്തിയ മഅദനിക്ക് പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. കൊച്ചി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുർന്ന് ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam