ആരോഗ്യനില മെച്ചപ്പെട്ടു; മഅ്ദനി ആശുപത്രിയില്‍ നിന്ന് മടങ്ങി

By Web TeamFirst Published Dec 18, 2019, 8:25 PM IST
Highlights

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഅ്ദനിക്ക് എംആര്‍ഐ സ്കാന്‍, സിടി സ്കാന്‍, ഹൃദയ പരിശോധന, രക്തപരിശോധനകള്‍ എന്നിവ നടത്തിയിരുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ പല അവയവങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ബെംഗലൂരു: തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുന്നാസിര്‍ മഅ്ദനി രോഗം ഭേദമായതിനെ തുടര്‍ന്ന് മടങ്ങി. ഉയര്‍ന്ന രക്തസമ്മര്‍ദവും ഛര്‍ദ്ദിയും കാരണമാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച പൂര്‍ണ വിശ്രമമെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ മഅ്ദനി ബെംഗലൂരുവിലെ വീട്ടിലേക്ക് മടങ്ങി.

ബെംഗലൂരു സ്ഫോടനക്കേസ് പ്രതിയായ മഅ്ദനിക്ക് വിചാരണയില്‍  പങ്കെടുക്കാനുള്ള ആരോഗ്യ സ്ഥിതി അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇളവ് നേടാന്‍ കോടതിയെ സമീപിച്ചേക്കും. ബെംഗലൂരിലെ അല്‍ഷിഫ ആശുപത്രിയിലായിരുന്നു മഅ്ദനി ചികിത്സ തേടിയിരുന്നത്. 

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഅ്ദനിക്ക് എംആര്‍ഐ സ്കാന്‍, സിടി സ്കാന്‍, ഹൃദയ പരിശോധന, രക്തപരിശോധനകള്‍ എന്നിവ നടത്തിയിരുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ പല അവയവങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വൃക്കകള്‍ക്ക് വീക്കവും കല്ലുകളും പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍ സര്‍ജറികള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജയിലില്‍ നിന്ന് മാറ്റി ബെംഗലൂരുവില്‍ പ്രത്യേക താമസമൊരുക്കിയിട്ടുണ്ട്. 

click me!