ഗുണ്ടാ പിരിവ് നൽകാത്തതിനെ തുടർന്ന് തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയായ മരണ സുബിൻ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഘം സ്ഥാപനത്തിൽ നിന്ന് പണവും കവർന്നു.
പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗത്തിനിരയാക്കി. മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്നുപേർ കേസിൽ അറസ്റ്റിലായി. ക്രൂരബലാത്സംഗം മൊബൈലിൽ ചിത്രീകരിച്ച ശേഷം സ്ഥാപനത്തിൽ നിന്ന് 25,000 രൂപയും കൈക്കലാക്കിയാണ് സുബിനും കൂട്ടുപ്രതികളും കടന്നുകളഞ്ഞത്.
തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്പായിൽ ഫെബ്രുവരി ഒന്നാം തീയതിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാപ്പാ കേസ് പ്രതി മരണ സുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. 50,000 നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി.
കേസ് എടുക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഗുണ്ടകൾക്ക് ലഭിച്ചെന്നും ആക്ഷേപം ഉയർന്നു. എന്നാൽ ആരോപണം ജില്ലാ പൊലീസ് മേധാവി തള്ളി. കൃത്യമായ മൊഴിയും മറ്റ് തെളിവുകളും ലഭിച്ചതോടെ മൂന്നാം തീയതി എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ ആറ് പേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേര് ഇതുവരെ അറസ്റ്റിൽ ആയി. കൊടുംക്രിമിനിലാണ് മരണ സുബിൻ. പൊലീസുകാരെ സ്റ്റേഷനിൽ കയറി ആക്രമിച്ച കേസിലടക്കം പ്രതിയാണ്. ഈ അടുത്താണ് കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായത്. പൊലീസ് രാഷ്ട്രീയ ഗുണ്ടാകൂട്ടുകെട്ടാണ് തിരുവല്ലയിൽ മരണ സുബിനെ പോലെയുള്ള കൊടുംക്രിമിനലുകൾക്ക് പിന്തുണയേകുന്നതെന്ന് ആരോപണം ഉയർന്നു. ഈ കേസിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.


