
മലപ്പുറം: ബി.ജെ.പി നേതാവ് എ.പി.അബ്ദള്ളക്കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അതേസമയം ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്നില്‍ വച്ച് ചിലര്‍ അപമാനിച്ച് സംസാരിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്നാൽ അപകടം ആസൂത്രിതമാണെന്നാവര്‍ത്തിച്ച എ.പി.അബ്ദുള്ളക്കുട്ടി പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കുറ്റപെടുത്തി.
മലപ്പുറം രണ്ടത്താണിയില്‍ എ.പി.അബ്ദുള്ളക്കുട്ടിയുടെ കാറില്‍ ലോറിയിടിച്ചതില്‍ ഡ്രൈവറുടെ ഭാഗത്തുനിന്നുമുണ്ടായത് മനപൂര്‍വമല്ലാത്ത വീഴ്ച്ചയാണെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്. ഈ കാരണത്താലാണ് ലോറി ഡ്രൈവര്‍ സുഹൈലിനെതിരെ വാഹനാപകടത്തിനാണ് കേസ് എടുത്തിരിക്കുന്നതും. അബ്ദുള്ളക്കുട്ടിയുടെ കാര്‍ മുന്നിലെ മറ്റൊരു കാറില്‍ ഇടിച്ചപ്പോള്‍ പിറകില്‍ വന്ന ലോറി മഴയായതിനാല്‍ നിയന്ത്രണം കിട്ടാതെ അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിലിടിച്ചതായാണ് പൊലീസിന് ബോധ്യപെട്ടിട്ടുള്ളത്.
എന്നാല്‍ ഭക്ഷണം കഴിയിക്കാനെത്തിയപ്പോള്‍ വെളിയങ്കോട്ടെ ഹോട്ടലിനു മുന്നില്‍ വച്ച് തന്നെ ചിലര്‍ അസഭ്യം പറഞ്ഞെന്ന അബ്ദുള്ളക്കുട്ടിയുടെ പരാതിയില്‍ ചില വസ്തുകളുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാൽ ഹോട്ടലിനകത്ത് വച്ച് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ പൊലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ലേറി രണ്ടുതവണകളായി കാറില്‍ ഇടിച്ചത് സംഭവം ആസൂത്രിതമാണെന്ന സംശയം ഉയര്‍ത്തുവെന്ന് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. പൊലീസ് കാര്യമായി ഇക്കാര്യം അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. പുതിയ രാഷ്ട്രീയ നിലപാട് എടുത്തതിനു ശേഷം സമൂഹമാധ്യമങ്ങളില്‍ തന്നെ ക്രൂരമായി വേട്ടയാടുകയാണെന്ന പരാതിയും അബ്ദുള്ളക്കുട്ടിക്കുണ്ട്. ഇന്ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഇക്കാര്യം അബ്ദുള്ളക്കുട്ടി ആവർത്തിക്കുകയു ചെയ്തു.
കൊണ്ടോട്ടിയിലെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് തന്നെ അപമാനിക്കുന്ന തരത്തിൽ ചിലർ സംസാരിച്ചത്. പിന്നീട് അവർ അരികിലേക്ക് വന്ന് കൂടുതൽ മോശമായി പെരുമാറി. ഇതിനു ശേഷമാണ് അപകടമുണ്ടായത്. ഒരു തവണ തൻ്റെ വണ്ടിയിൽ ഇടിച്ച ലോറി പിന്നെയും വന്നു ഇടിച്ചു. എൻ്റെ കാർ മുന്നിലെ വണ്ടിയിൽ തട്ടി നിന്നത് കൊണ്ടു മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
പുതിയ രാഷ്ട്രീയ നിലപാട് എടുത്തതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ തന്നെ ക്രൂരമായി വേട്ടയാടുകയാണ്. ഇതേപ്പറ്റി ആറു തവണ എസ്പിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഒരാൾ വിളിച്ച് അസഭ്യം പറയുന്നതിന്റെ ഫോൺ റെക്കോർഡും വാർത്ത സമ്മേളനത്തിൽ അബ്ദുള്ളക്കുട്ടി പുറത്തുവിട്ടു. ഇതുപോലെ നിരവധി ഫോൺകോളുകളാണ് തനിക്ക് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. സൈബർ ഗുണ്ടകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി നടപടി എടുക്കണം. താൻ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ തൊഴുതു നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടപ്പോൾ അസഭ്യ വർഷം ഉണ്ടായി. താൻ മതം മാറി എന്ന തരത്തിലും പ്രചരണം സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam