അഭയ കേസ്; പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത് വ്യാജ ഒപ്പാണെന്ന് സാക്ഷി മൊഴി

By Web TeamFirst Published Sep 5, 2019, 9:37 PM IST
Highlights

ലോക്കൽ പൊലീസ് വ്യാജമായി റിപ്പോർട്ട് തയ്യാറാക്കിയെന്ന് തെളിക്കാനായിരുന്നു പ്രോസിക്യൂഷൻ ജോണ്‍ സക്കറിയുടെ സാക്ഷിമൊഴിയെടുത്തത്.

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ വീണ്ടും വഴിത്തിരിവ്. കോട്ടയം വെസ്റ്റ് പൊലീസ് തയ്യാറാക്കിയ അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത് വ്യാജ ഒപ്പാണെന്ന് സാക്ഷി മൊഴി. കോട്ടയം സ്വദേശി ജോണ്‍ സക്കറിയയുടെ ഒപ്പാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, റിപ്പോർട്ടിൽ കാണുന്നത് തന്റെ ഒപ്പല്ലെന്ന് ജോണ്‍ സക്കറി കോടതിയെ അറിയിച്ചു. ലോക്കൽ പൊലീസ് വ്യാജമായി റിപ്പോർട്ട് തയ്യാറാക്കിയെന്ന് തെളിക്കാനായിരുന്നു പ്രോസിക്യൂഷൻ ജോണ്‍ സക്കറിയുടെ സാക്ഷിമൊഴിയെടുത്തത്.

അതേസമയം, കേസിൽ ഇതുവരെ അഞ്ച് പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത്. കേസിലെ അഞ്ചാം സാക്ഷിയായ ഷമീർ, രാജു, എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ, ഏഴാം സാക്ഷിയായ വേണുഗോപാലൻ നായർ എന്നിവരാണ് അനുകൂല മൊഴി നൽകിയ കേസിലെ സാക്ഷികൾ.

നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ, ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികൾ.   

click me!