പൊലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഇടപെടല്‍ വേണം; പ്രൊഫഷണല്‍ സമീപനം ആവശ്യമാണെന്നും മുഖ്യമന്ത്രി

By Web TeamFirst Published Sep 5, 2019, 7:43 PM IST
Highlights

പൊലീസ് സേനാംഗങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്.

തിരുവനന്തപുരം:പൊലീസുകാര്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷവും അതുമൂലമുള്ള ആത്മഹത്യാ പ്രവണതയും തടയുന്നതിന് സേനയില്‍ കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമായിരിക്കണം. സ്റ്റേഷനുകളിലെ പൊതുവായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് പൊലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സേനാംഗങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവും ഉണ്ടെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയും.  മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ചുമതലയില്‍ വീഴ്ച വരുമ്പോള്‍ സ്വാഭാവികമായും മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകും. അക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല. എന്നാല്‍ സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാന്‍ ശ്രമിക്കണം. 

ജില്ലാ പൊലീസ് മേധാവിയും മുകളിലുള്ള ഉദ്യോഗസ്ഥരും തമ്മില്‍ കൃത്യമായ ആശയവിനിമയം ഉണ്ടാകണം. പോലീസ് സേനയില്‍ ചേരുന്നവര്‍ക്ക് അവരുടെ ചുമതലകളെപ്പറ്റി നല്ല ബോധമുണ്ടാകണം. ഉത്തരവാദിത്തം വളരെ വലുതാണെന്ന് അവര്‍ മനസ്സിലാക്കണം. സേനാംഗങ്ങള്‍ക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സംബന്ധിച്ച അന്വേഷണം അനന്തമായി നീണ്ടുപോകരുത്. പോലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചെവി കൊടുക്കൂ. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അര്‍ഹതപ്പെട്ട പ്രൊമോഷന്‍ കൃത്യസമയത്ത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അര്‍ഹത നേടിയെടുക്കാന്‍ കോടതിയില്‍ പോകേണ്ട സ്ഥിതിയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

പൊലീസ് സേനയില്‍ കൗണ്‍സലിങ്ങിന് കൂടുതല്‍ ഫലപ്രദമായ സംവിധാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊലീസുകാര്‍ക്കിടയിലെ വര്‍ധിക്കുന്ന ആത്മഹത്യാപ്രവണതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

 

click me!