
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഇന്ന് രണ്ട് സാക്ഷികളാണ് സിബിഐ കോടതിയിൽ കൂറുമാറിയത്. അൻപത്തിമൂന്നാം സാക്ഷി സിസ്റ്റർ ആനി ജോണും നാല്പതാം സാക്ഷി സിസ്റ്റർ സുദീപയുമാണ് കൂറുമാറിയത്. സിബിഐ അഭിഭാഷകന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരുന്ന ആനി ജോണിനെ കോടതി രൂക്ഷമായി വിമർശിച്ചു.
അഭയ കൊല്ലപ്പെട്ട ദിവസം കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ അടുക്കള ഭാഗത്ത് അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോൺ നേരത്തെ സിബിഐക്ക് നൽകിയ മൊഴി. എന്നാൽ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിലെ വിചാരണയിൽ ശിരോവസ്ത്രം മാത്രം കണ്ടെന്ന് തിരുത്തിപ്പറഞ്ഞു.
അഭയയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത് കോൺവെന്റിലെ മദർ സുപ്പീരിയറായിരുന്നു. പരാതിയിൽ കാണിച്ച ഒപ്പ് മദർ സുപ്പീരിയറിന്റേത് തന്നെയാണോ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് ആനി ജോൺ മറുപടി പറഞ്ഞില്ല. ഇതാണ് ജഡ്ജിയെ ചൊടിപ്പിച്ചത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട നിങ്ങളെപ്പോലുള്ളവർ ഇങ്ങിനെ ധാർഷ്ട്യം കാണിക്കരുതെന്നായിരുന്നു കോടതിയുടെ വിമർശനം.
അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെത്ത് കോൺവെന്റിലെ കിണറ്റിൽ ഒരു വലിയ വസ്തു വീഴുന്ന ശബ്ദം കേട്ടെന്നായിരുന്നു നാല്പതാം സാക്ഷി സിസ്റ്റർ സുദീപയുടെ മുൻ മൊഴി. എന്നാൽ ഇന്ന് ശബ്ദം കേട്ടില്ലെന്ന് തിരുത്തിപ്പറഞ്ഞു. ഇന്നത്തെ രണ്ട് സാക്ഷികളടക്കം കേസിൽ ഇതുവരെ കുറുമാറിയവരുടെ എണ്ണം ആറായി. അതിനിടെ കൂറുമാറുമെന്ന സൂചനയെ തുടർന്ന് 41-ാം സാക്ഷി സിസ്റ്റർ നവീനയെയും 42-ാം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിബിഐ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam