'ഭാരതാംബ'യുള്ള പരിപാടിയിൽ പങ്കെടുത്ത ചിത്രം പുറത്തുവിട്ടു, രജിസ്ട്രാറെ വെട്ടിലാക്കി എബിവിപി; അന്നില്ലാത്ത എന്ത് വർഗീയതയാണ് ഇന്നെന്നും ചോദ്യം

Published : Jul 03, 2025, 11:32 AM IST
Bharatamba picture controversy

Synopsis

കേരള സർവകലാശാല രജിസ്ട്രാർ മുമ്പ് പ്രിൻസിപ്പലായിരുന്ന കോളേജിൽ ഭാരതാംബ ചിത്രമുള്ള പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രം എബിവിപി പുറത്തുവിട്ടു

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവർണർ പങ്കെടുത്ത പരിപാടി റദ്ദാക്കിയതിൽ സസ്പെൻഷൻ ലഭിച്ച കേരള സര്‍വകലാശാല രജിസ്ട്രാറെ വെട്ടിലാക്കി എ ബി വി പി. സർവകലാശാല രജിസ്ട്രാർ അനിൽ കുമാർ ഭാരതാംബ ചിത്രമുള്ള പരിപാടിയിൽ പങ്കെടുത്തതിന്‍റെ ചിത്രമടക്കം പുറത്തുവിട്ടാണ് എ ബി വി പി രംഗത്തെത്തിയത്. അനിൽ കുമാർ പ്രിൻസിപ്പളായിരുന്നപ്പോൾ ശ്രീ അയ്യപ്പ കോളേജിൽ ഭരതാംബ ചിത്രത്തിന് മുന്നിലെ പരിപാടിയിൽ പങ്കെടുത്ത ചിത്രമാണ് എ ബി വി പി പുറത്ത് വിട്ടത്. അന്നില്ലാത്ത എന്ത് വർഗീയതയാണ് ഇന്നെന്നും എ ബി വി പി ചോദിച്ചു.

ഇപ്പോൾ രജിസ്ട്രാർ സി പി എമ്മിന്റെ ചട്ടുകമായെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എ ബി വി പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് അഭിപ്രായപ്പെട്ടു. 2020 ൽ അനിൽകുമാർ പ്രിൻസിപ്പൽ ആയിരിക്കെ ധ്വനി കലാലയ യൂണിയൻ നടത്തിയ പരിപാടികളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. അന്ന് പരിപാടിയുടെ ഉദ്ഘാടകൻ ആയിരുന്നു ഡോ കെ എസ് അനിൽകുമാറെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി വിവരിച്ചു. ഗവർണർ പങ്കെടുക്കുന്ന, പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന പരിപാടിയിൽ തടസ്സം സൃഷ്ടിച്ച് ചാൻസിലറായ ഗവർണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാർ ചെയ്തതെന്നും എ ബി വി പി വിമർശിച്ചു. യഥാർത്ഥത്തിൽ രജിസ്ട്രാറുടെ പ്രശ്നം ഭാരതാംബയല്ലെന്നും സി പി എമ്മിനോടുള്ള വിധേയത്വവും കൂറും ആണെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും വിമർശിച്ചു.

എ ബി വി പിയുടെ ഫേസ്ബുക്ക് കുറിപ്പ്

രജിസ്ട്രാർ അനിൽകുമാർ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകം, അനിൽകുമാർ പ്രിൻസിപ്പലായിരുന്ന അയ്യപ്പകോളേജിൽ ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിന് വേദിയിൽ ഭാരതാംബയുടെ ചിത്രവും. അന്നില്ലാതിരുന്ന എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് അനുഭവപ്പെട്ടത്? രജിസ്ട്രാർ അനിൽകുമാർ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്നും അനിൽകുമാർ പ്രിൻസിപ്പലായിരുന്ന അയ്യപ്പകോളേജിൽ ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിന് വേദിയിൽ ഭാരതാംബയുടെ ചിത്രമുപയോഗിച്ചപ്പോൾ ഇല്ലാതിരുന്ന എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് അനുഭവപ്പെട്ടതെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. 2020 ൽ അനിൽകുമാർ പ്രിൻസിപ്പൽ ആയിരിക്കെ ധ്വനി കലാലയ യൂണിയൻ നടത്തിയ പരിപാടികളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. അന്ന് പരിപാടിയുടെ ഉദ്ഘാടകൻ ആയിരുന്നു ഡോ കെ എസ് അനിൽകുമാർ. ഇന്ന് ചട്ടവിരുദ്ധമായി രജിസ്ട്രാർ ആയപ്പോൾ സി പി എമ്മിന്റെ രാഷ്‌ട്രീയ ചട്ടുകമായി അദ്ദേഹം മാറി. സി പി എം നേതാക്കൾ സെനറ്റ് ഹാളിന് പുറത്ത് പ്രശ്നം ഉണ്ടാക്കിയപ്പോൾ രജിസ്ട്രാർ ഹാളിനുള്ളിൽ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഗവർണർ പങ്കെടുക്കുന്ന, പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന പരിപാടിയിൽ തടസ്സം സൃഷ്ടിച്ച് ചാൻസിലറായ ഗവർണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാർ കെ എസ് അനിൽകുമാർ ചെയ്തത്. ആലപ്പുഴ ശ്രീ അയ്യപ്പ കോളേജിൽ നടന്ന പരിപാടിയിൽ ഉണ്ടായിരുന്ന അതേ ഭാരതാംബയുടെ ചിത്രം തന്നെയാണ് സെനറ്റ് ഹാളിൽ ഉണ്ടായിരുന്നതും. യഥാർത്ഥത്തിൽ രജിസ്ട്രാറുടെ പ്രശ്നം ഭാരതാംബയല്ല സി പി എമ്മിനോടുള്ള വിധേയത്വവും കൂറും ആണ്. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ