ദുരന്ത ബാധിതർ പലർക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാൽ ധന സഹായം തുടർന്നും നീട്ടണം എന്ന് ആവശ്യം
കൽപ്പറ്റ: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർ ദുരിതത്തിൽ. ദുരിത ബാധിതർക്ക് സർക്കാർ നൽകി വന്നിരുന്ന 9000 രൂപ സഹായ ധനം അവസാനിപ്പിച്ചു. ഉരുൾപൊട്ടലിൽ ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് ആണ് മാസം 9000 നൽകിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമർശനം ഉയർന്നതിനെ തുടർന്ന് ഡിസംബർ വരെ നീട്ടിയിരുന്നു. ദുരന്ത ബാധിതർ പലർക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാൽ ധന സഹായം തുടർന്നും നീട്ടണം എന്ന് ആവശ്യം. ആയിരത്തോളം ദുരന്തബാധിതർക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മരിച്ചുപോയവരേക്കാളും കഷ്ടത്തിലാണ് ജീവിച്ചിരിക്കുന്നവർക്കെന്നാണ് ദുരിതബാധിതർ പറയുന്നത്. കച്ചവട സ്ഥാപനങ്ങൾക്കും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ദുരിത ബാധിത മേഖലയിലെ കച്ചവട സ്ഥാപന ഉടമകളും പ്രതികരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ പുനരധിവാസമെന്ന് പ്രഖ്യാപിച്ചായിരുന്നു സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പുനരധിവാസ പാക്കേജ് പൂർത്തിയായില്ല. ടൌൺഷിപ്പിന്റെ നിർമ്മാണം പൂർത്തിയാക്കി, ദുരന്ത ബാധിതർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുവരെ അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിരുന്നു.

ദുരന്തബാധിതരിൽ ഏറെയും കൂലിത്തൊഴിൽ ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുൾപൊട്ടലിൽ നഷ്ടമായതോടെ തൊഴിലിന് പോകാൻ കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ആളുകളുള്ളത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാൽ പുനരധിവാസം പൂർത്തിയാകുംവരെയെങ്കിലും സഹായധനം നൽകുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നത്.


