
മലപ്പുറം: എസ്ഒജി കമാൻഡോ വിനീതിന്റെ ആത്മഹത്യ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകി വിനീതിൻ്റെ സഹപ്രവർത്തകർ. അസിസ്റ്റൻ്റ് കമാൻഡൻ്റ് അജിത്തിന് വിനീതിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.
എസ്‌ഒജി ഉദ്യോഗസ്ഥൻ വിനീതിൻ്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പി പി സേതുവിനാണ് കേസിന്റെ അന്വേഷണ ചുമതല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അരീക്കോട്ടെ എസ്ഒജി ക്യാമ്പിൽ എത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അസിസ്റ്റന്റ് കമാൻഡൻസ് അജിത്തിന് വിനീതിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയതായാണ് വിവരം. 2021 സെപ്റ്റംബറിൽ എസ്ഒജി ക്യാമ്പിൽ വച്ച് കുഴഞ്ഞുവീണു മരിച്ച ഉദ്യോഗസ്ഥൻ സുനീഷും വിനീതും സുഹൃത്തുക്കളായിരുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് പരിശീലനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സുനീഷ് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇത് പരിഗണിച്ചില്ല.
പരിശീലനത്തിനിടെ കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അജിത്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി അന്ന് ആരോപണം ഉയർന്നിരുന്നു. എസ്ഒജി എസ്പി വിളിച്ചുചേർത്ത യോഗത്തിൽ വിനീത് ഇക്കാര്യം ഉന്നയിച്ചതിൽ അജിത്തിന് വിരോധം ഉണ്ടായിരുന്നു. റിഫ്രഷർ കോഴ്സിനായി അരീക്കോട്ടെത്തിയ വിനീതിനോട് ഈ മുൻ വൈരാഗ്യത്തോടെയാണ് അജിത് പെരുമാറിയിരുന്നത് എന്ന് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകി. റിഫ്രഷർ കോഴ്സ് പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത ശിക്ഷകൾ നൽകുകയും, അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു. ക്യാമ്പിൽ ഒരു മാസം കൂടി തുടരേണ്ട സാഹചര്യം ഉള്ളതിനാൽ വിനീത് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നും മൊഴിയിലുണ്ട്. വിനീതിൻ്റെ മരണത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
'എന്നെ പ്രേക്ഷകര്‍ സീരിയസായി കാണാന്‍ തുടങ്ങി': അനന്യ പാണ്ഡെയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam