വീട് മുടക്കിയവർക്കല്ല, വീട് കൊടുത്തവർക്കാണ് ജനം വോട്ട് ചെയ്തതെന്ന് എ.സി.മൊയ്തീൻ

By Web TeamFirst Published Dec 18, 2020, 11:37 AM IST
Highlights

ലൈഫ് മിഷൻ വിവാദം തുടങ്ങിയത് അനിൽ അക്കരയാണ്. എന്നാൽ അപവാദം പരത്തുന്നവർക്കൊപ്പമല്ല ജനം നിന്നത്. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് അവർ വോട്ട് ചെയ്തത്. 

തൃശ്ശൂ‍ർ: വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്തതെന്ന് മന്ത്രി എ.സി.മൊയ്തീൻ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ വടക്കാഞ്ചേരി പഞ്ചായത്തിൽ സിപിഎം മികച്ച വിജയം നേടിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

ലൈഫ് മിഷൻ വിവാദം തുടങ്ങിയത് അനിൽ അക്കരയാണ്. എന്നാൽ അപവാദം പരത്തുന്നവർക്കൊപ്പമല്ല ജനം നിന്നത്. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് അവർ വോട്ട് ചെയ്തത്. അനിൽ അക്കര മണ്ഡലത്തിലെ വികസനത്തേക്കാൾ ശ്രദ്ധിച്ചത് വിവാദങ്ങളിലാണ്. അപവാദം പ്രചരിപ്പിക്കുന്നതിൽ മാത്രമാണ് അക്കരയുടെ താത്പര്യം.

അനിൽ അക്കര ഉയർത്തി കൊണ്ടു വന്ന വിവാദങ്ങളിൽ പലതും നിലവാരമില്ലാത്തതാണ്. അക്കരയുടെ സ്വന്തം പഞ്ചായത്തും മണ്ഡലത്തിലെ മറ്റ് പ്രദേശവും യുഡിഎഫിന് നഷ്ടപ്പെട്ടു. ജനങ്ങളുടെ ബോധത്തെ ചോദ്യം ചെയ്യരുത്. വെൽഫയർ പാർട്ടി സഖ്യം യുഡിഎഫിന് തിരച്ചടിയായി ഫ്ലാറ്റ് വിവാദത്തിലും അക്കരയുടേത് ഇരട്ടത്താപ്പാണ്. ലൈഫ് പദ്ധതിയുടെ നിർമ്മാണം തടഞ്ഞവർ തന്നെ അതു പുനരാരംഭിക്കണമെന്ന് ആവശ്യപെടുന്നുണ്ട്. ഇതെല്ലാം ഇരട്ട താപ്പാണ്. 

ലൈഫ് മിഷനിൽ കോടതിയിലെ കേസ് അനുസരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തും. അനിൽ അക്കര എംഎൽഎ ആയി ഇനിയും തുടരണോ എന്ന് വടക്കാഞ്ചേരിക്കാർ തീരുമാനിക്കട്ടെ. ജനപ്രതിനിധികൾ അന്തസ് പുലർത്തണം. മതേതര പക്ഷത്ത് നിലനിൽക്കുന്ന കോൺഗ്രസ്സുകാർ ഇടതുപക്ഷത്തെ പിന്തുണക്കണം. ദേശീയ തലത്തിൽ എതിർക്കേണ്ട കക്ഷിയുമായി സീറ്റിന് വേണ്ടി  യുഡിഎഫ് സഖ്യം ഉണ്ടാക്കുകയാണെന്നും എ.സി.മൊയ്തീൻ കുറ്റപ്പെടുത്തി. 
 

click me!