കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിക്ക് നേരെ അതിക്രമം: വനിതാകമ്മീഷൻ കേസെടുത്തു, സിസിടിവി പരിശോധിക്കും

Published : Dec 18, 2020, 10:34 AM ISTUpdated : Dec 18, 2020, 11:07 AM IST
കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിക്ക് നേരെ അതിക്രമം: വനിതാകമ്മീഷൻ കേസെടുത്തു, സിസിടിവി പരിശോധിക്കും

Synopsis

'ആ സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തളർത്തിക്കളയുന്ന അനുഭവമായിരുന്നു'- എന്നായിരുന്നു നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്...

കൊച്ചി: കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ വച്ച് ഇന്നലെ വൈകിട്ട് രണ്ട് പേർ അപമാനിക്കാൻ ശ്രമിച്ചെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി. ഭയപ്പെടാതെ ഉടൻ പ്രതികരിക്കാൻ സ്ത്രീകൾ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങൾ ചോദിച്ചറിയുമെന്നും എംസി ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നും നടി കുറിച്ചു. സംഭവം പുറത്ത് വന്നതോടെ മാളിലെ സിസിടിവി പരിശോധിച്ച ശേഷം നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി പരിശോധിക്കുകയാണ്.

'സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവർ സാധാരണ പോലെ നടന്നുപോയി. 

ഇനിയും അവർ ഇത്തരത്തിൽ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോൾ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകൾക്ക് എന്നേക്കാൾ ധൈര്യമുണ്ടാകട്ടെ ' എന്നായിരുന്നു നടി സോഷ്യൽ മീഡിയിൽ കുറിച്ചത്. സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

PREV
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി